ബിസിനസിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ബിസിനസിനെക്കുറിച്ച്  ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
Saturday, May 9, 2020 3:12 PM IST
ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും തയ്യാറാക്കേണ്ട ഒന്നാണ് ബിസിനസ് പ്ലാന്‍. പലപ്പോഴും ബിസിനസ് പ്ലാന്‍ നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടാകും. ആശയം എന്താണ്, ഉത്പന്നം എന്താണ്, വിപണി എന്താണ്, ടീം എങ്ങനെയാണ്, പണം എവിടെ നിന്നും വരും ഇത്രയും കാര്യങ്ങള്‍ വിശദീകരിക്കാനായില്ലെങ്കില്‍ ബിസിനസ് പ്ലാന്‍ ഒന്നുമായിട്ടില്ല എന്നോര്‍ക്കുക.

അതുകൊണ്ട് ബിസിനസ് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍മനസില്‍ സൂക്ഷിക്കേണ്ടതുണ്ട്.അവ എന്തൊക്കെയാണെന്നു നോക്കാം.

1. ബിസിനസ് ആശയം: എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്
എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. പലപ്പോഴും ഇത് ചിന്തിക്കുന്നതിനെക്കാള്‍ വിഷമകരമാണ്. കൂട്ടുകാരോടൊക്കെ ഞാന്‍ ഒരു ബിസിനസ് ആരംഭിക്കാന്‍ പോകുന്നു എന്നു പറയും. എന്നാല്‍ ബിസിനസ് എന്താണെന്നുള്ളത് മനസിലാകുന്ന രീതിയില്‍ പറഞ്ഞു ഫലിപ്പിക്കല്‍ അത്ര എളുപ്പമല്ല. ഇത്തരമൊരു കാര്യത്തില്‍ തടസം നേരിട്ടാല്‍, സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് എന്താണ് ഈ ബിസിനസിന്‍റെ പ്രാധാന്യം? എന്നത് അതിനു കിട്ടുന്ന ഉത്തരത്തിലൂടെ സഞ്ചരിച്ച് ബിസിനസിന്‍റെ പ്രധാനപ്പെട്ട സവിശേഷതകളും നേട്ടങ്ങളും ഒന്നോ രണ്ടോ വാചകത്തില്‍ വിശദീകരിക്കാന്‍ കഴിയണം.

2. ഉത്പാദനവും വില്‍പ്പനയും: എങ്ങനെ പണമുണ്ടാക്കും
എന്താണ് നിങ്ങളുടെ പക്കല്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് എന്ന് വിശദീകരിക്കാന്‍ സാധിക്കണം. നിങ്ങള്‍ ഉത്പാദിപ്പിക്കുന്ന വസ്തുവിന്‍റെ പേരുമാത്രം പറഞ്ഞാല്‍ പോര. നല്ല ബിസിനസ് പ്ലാനാണെങ്കില്‍ ഉത്പന്നം എന്താണെന്നും അതിന്‍റെ വില എന്താണെന്നും കൃത്യമായി വിശദീകരിക്കാന്‍ കഴിയണം. അത്രയും വരെ എത്തിയിട്ടില്ലെങ്കില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉത്പന്ന വൈവിധ്യത്തെക്കുറിച്ച് അല്ലെങ്കില്‍ സേവനത്തെക്കുറിച്ച് എങ്കിലും പറയാന്‍ കഴിയണം.
എന്താണോ വില്‍ക്കുന്നത് അല്ലെങ്കില്‍ നല്‍കുന്നത് ഓരോ വിഭാഗത്തിന്‍റെയും അല്ലെങ്കില്‍ ഓരോ വസ്തുവിന്‍റെയും അളവും അതിന്‍റെ വിലയും പറയാന്‍ സാധിക്കണം. ഇതിനായി എതിരാളികളുടെ വിലയില്‍ നിന്നും പഠനം നടത്തി തുടങ്ങാം.

3. മാര്‍ക്കറ്റിംഗ്: ആരാണ് ഉപഭോക്താക്കള്‍ എങ്ങനെ ഉത്പന്നത്തിലേക്ക് അല്ലെങ്കില്‍ സേവനത്തിലേക്ക് അവര്‍ എത്തിച്ചേരും
ഉപഭോക്താക്കളിലേക്ക് എങ്ങനെ എത്താം അതിനുവേണ്ടി എന്തു ചെയ്യാം എന്നുള്ളതാണ് ഈ ഘട്ടത്തില്‍ അറിഞ്ഞിരിക്കേണ്ടത്. അതോടൊപ്പം ഇത് ഉത്പന്നത്തിന്‍റെ അല്ലെങ്കില്‍ സേവനത്തിനന്‍റെ പ്രമോഷനുമായി ചേര്‍ന്നു പോകുന്നതുമായിരിക്കണം.
ഉത്പന്നം വിറ്റഴിക്കുന്ന പ്രദേശം, ബിസിനസിന്‍റെ ബജറ്റ്, യൂണിറ്റിന്‍റെ പ്രവര്‍ത്തനക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ വിപണി എന്തായിരിക്കും എത്രത്തോളം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനാകും എന്നും അറിഞ്ഞിരിക്കിണം. ചെറിയ ബജറ്റില്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ക്രിയേറ്റീവായ മാര്‍ഗങ്ങള്‍ കണ്ടെത്തണം. പണം മുടക്കുന്ന ഉപഭോക്താക്കള്‍ക്ക് എപ്രകാരമാണ് ഇത് നേട്ടം നല്‍കുന്നത് എന്ന് വിശദീകരിക്കാനാകുന്നില്ലെങ്കില്‍ പരസ്യത്തിനുള്ള പണം പാഴ്‌ച്ചെലവാണ്.


4. മാനേജ്‌മെന്‍റ്: ആരാണ് നിങ്ങളില്‍ വിശ്വസിക്കുന്നത്
നിങ്ങളുടെ ഉപദേശകര്‍, ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ കമ്പനിയുടെ സംവിധാനത്തില്‍ മുകളില്‍ വരുന്ന രണ്ട് നിര മാനേജ്‌മെന്‍റ് ടീമുമായുള്ള ചര്‍ച്ചകളില്‍ മുഴുവന്‍ മാനേജ്‌മെന്‍റ് വിഭാഗത്തെയും ഉള്‍പ്പെടുത്തണം.കുറെ ബയോഡാറ്റകള്‍ പരിശോധിച്ച് അതില്‍ നിന്നും കുറച്ചു പേരെ തെരഞ്ഞെടുത്ത് നിങ്ങളാണ് മാനേജ്‌മെന്‍റ് ടീം എന്നു പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഏറ്റവും നല്ല ആശയം ഓരോ ടീമംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനു മുമ്പ് അവരുടെ ഏറ്റവും ശക്തമായതും ഏറ്റവും ശ്രദ്ധേയവുമായ നേട്ടങ്ങള്‍ മാത്രം വിശദീകരിക്കുന്നതാണ്.
ഒരിക്കലും ഉത്തമമായ ആളുകളെയെല്ലാം ഒരുമിച്ച് കിട്ടുകയില്ല.ഓരോരുത്തരുടെയും ചുമതലയും അവര്‍ക്കു നല്‍കുന്ന സ്ഥാനപ്പേരും അറിഞ്ഞുവെക്കണം. എപ്പോഴാണ് അവരെ എടുക്കേണ്ടത്, എന്തൊക്കെ യോഗ്യതകള്‍ അവര്‍ക്ക് വേണം,എന്ത് ജോലിയാണ് അവര് ചെയ്യേണ്ടത് എന്നിവയും അറിഞ്ഞുവെക്കണം.

നല്ല ആളുകളെ തെരഞ്ഞെടുക്കാനായി അധികം ശ്രമം നടത്തേണ്ടി വരും. സാമൂഹികമായ പരിചയങ്ങളെ അതിനായി ഉപയോഗിക്കാം. മികച്ച മാനേജ്‌മെന്‍റ് ടീമുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്കിടയിലും നിക്ഷേപകര്‍ക്കിടയിലും വിശ്വാസ്യത വേഗത്തില്‍ നേടിയെടുക്കാം.

5. ധനകാര്യ വിവരങ്ങള്‍: ഈ ബിസിനസില്‍ നിന്നും കാര്യമായി പണം ഉണ്ടാക്കുമോ?
ലളിതമായി എല്ലാം ക്രമപ്പെടുത്തുക, ഭയപ്പെടാതിരിക്കുക. ധനകാര്യ വിവരങ്ങളില്‍ ചില ഊഹങ്ങളും അനുമാനങ്ങളും ഉണ്ടായിരിക്കും. ആര്‍ക്കും ഭാവിയെക്കുറിച്ച് ഒന്നും അറിയില്ലല്ലോ. പ്രവചിക്കാനും ആകില്ല.അതുകൊണ്ട് ആത്യന്തികമായി ധനകാര്യത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകളെല്ലാം തെറ്റാണ്. കമ്പനിയുെട ധനകാര്യ വിവരങ്ങള്‍ ഏറ്റവും കൃത്യതയോടയെും സൂക്ഷമതയോടെയും പൂര്‍ത്തിയാക്കുന്നതിലും നല്ലത് മറ്റു ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നതാണ്.

(1) സംരംഭം ആരംഭിച്ച് നടത്തിക്കൊണ്ടുപോകാന്‍ എത്ര രൂപയുടെ നിക്ഷേപം വേണം
(2)ലാഭത്തിലേക്ക് എത്താന്‍ എത്ര രൂപയുടെ നിക്ഷേപം വേണം.
ഒരു മാസത്തെയോ അല്ലെങ്കില്‍ മൂന്നുമാസത്തെയോ വരുമാനകണക്കു മതി ഇത് മനസിലാക്കാന്‍. എല്ലാ ചെലവുകളും അതോടൊപ്പം എത്ര ഉപഭോക്താക്കള്‍ വേണം ബ്രേക്ക് ഈവനിലേക്ക് എത്താനെന്നും അറിയുന്നതുവരെ മുന്നോട്ടു പോകുക.

മുകളില്‍ പറഞ്ഞിരിക്കുന്ന അഞ്ച് വീക്ഷണങ്ങളിലൂടെ ബിസിനസിനെ വിലയിരുത്തുക.അതിനുശേഷം ബിസിനസ് പ്ലാന്‍ തയ്യാറാക്കുക.ബിസിനസ് തുടങ്ങുന്നത് എപ്പോഴായാലും ശക്തമായ ആശയവും ശക്തമായ ബിസിനസ് പ്ലാനും ഉണ്ടായിരിക്കണം.

(സിക്‌സ് സിഗ്മ ബിസിനസ് പ്രോസസ്

ഫ്യൂച്ചറിസ്റ്റ്, കോര്‍പറേറ്റ് മെന്‍റര്‍, സ്ട്രാറ്റജിസ്റ്റ്, ബിസിനസ് ട്രെയിനര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ലേഖകന്‍).

എസ്.കെ സുനില്‍ കൃഷ്ണ