സെന്‍സ് ഓഫ് ബ്യൂട്ടി
സെന്‍സ് ഓഫ് ബ്യൂട്ടി
സമയമില്ലായ്മയും തിരക്കും കാരണം സൗന്ദര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നവരാണ് നമ്മളില്‍ പലരും. അണിഞ്ഞൊരുങ്ങുന്നതും മേക്കപ്പ് ഉപയോഗിക്കുന്നതുമൊക്കെ മനോഹരമായ ഒരു കലയും ഒപ്പം വളരെ റിസ്‌ക് നിറഞ്ഞതുമാണ്. രാവിലെ എഴുന്നേറ്റ് വീട്ടുജോലികള്‍ ചെയ്തു സമയം വൈകിയെന്നോര്‍ത്ത് വിഷമിച്ച് ധൃതിയില്‍ കൈയില്‍ കിട്ടിയ മസ്‌ക്കാരയെടുത്ത് കണ്‍പീലിയില്‍ പുരട്ടുമ്പോഴായിരിക്കും അത് പടരുക. അതുകൊണ്ടു മാത്രം മേക്കപ്പ് വേണ്ടെന്നു വയ്ക്കുന്ന എത്രയോ പേരുണ്ട്. സമയം ഇല്ലായ്മക്ക് ഒരു പരിഹാരമാണ് ഇതില്‍ പലതും.

1. മാഗ്‌നറ്റിക്ക് ഫേയ്‌സ് മാസ്‌ക്

വിപണിയിലെ വ്യത്യസ്തങ്ങളായ ഫേയ്‌സ് മാസ്‌കുകള്‍ വാങ്ങുകയും പരീക്ഷിക്കുകയും ചെയ്യാറുളളവരാണ് നമ്മള്‍. ഇവിടെ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരമൊരു മാസ്‌ക് ട്രൈ ചെയ്യാവുന്നതാണ്. സാധാരണ മാസ്‌കുകള്‍ ഉപയോഗിച്ചാല്‍ അത് നീക്കം ചെയ്യുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടും സമയനഷ്ടവും ഉളള കാര്യം. ഇവിടെയാണ് മാഗ്‌നറ്റിക്ക് ഫേയ്‌സ് മാസ്‌ക്കുകള്‍ വ്യത്യസ്തമാകുന്നത്. ഉപയോഗിക്കുന്നത് മറ്റു ഫേയ്‌സ് മാസ്‌കുകള്‍ പോലെ തന്നെയാണെങ്കിലും നീക്കം ചെയ്യുന്നത് ശരിക്കുമുളള കാന്തം ഉപയോഗിച്ചാണെന്ന് മാത്രം. കാന്തം അടുത്തുകൊണ്ടുവരുമ്പോള്‍ മാസ്‌ക് പതിയെ അതിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു. ഉപയോഗിച്ചവര്‍ക്ക് നല്ല അഭിപ്രായമാണുളളത്.

2. ഷാഡോ ഷീല്‍ഡ്

മസ്‌ക്കാര ഉപയോഗം എല്ലായ്‌പ്പോഴും സ്ത്രീകള്‍ക്ക് ഒരു വെല്ലുവിളിയാണ്. ഇത് മറ്റുഭാഗങ്ങളിലേയ്ക്കു വളരെ എളുപ്പത്തില്‍ പടരുന്നു. സൂക്ഷ്മമായ ശ്രദ്ധയും കൈവഴക്കവും ഏറെ സമയവും ഇതിന് ആവശ്യമാണ്. ഇവയ്‌ക്കെല്ലാം ഒരു പരിഹാരം തന്നെയാണ് ഷാഡോ ഷീല്‍ഡ്. മസ്‌ക്കാര മറ്റെങ്ങും പടരാതെ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ ഷാഡോ ഷീല്‍ഡുകള്‍ സഹായിക്കും.

3. സിലിക്കണ്‍ സ്‌പോഞ്ച്

ഫൗണ്ടേഷനും കണ്‍സീലറും ക്രീമുകളും മറ്റും മുഖത്തു ബ്ലെന്റ് ചെയ്യാന്‍ സാധാരണയായി സ്‌പോഞ്ചുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സ്‌പോഞ്ചുകള്‍ ഫൗണ്ടേഷന്‍ പകുതി വലിച്ചെടുക്കുകയും പെെട്ടന്നു മോശമാകുകയും ചെയ്യും. ഇത് വൃത്തിയാക്കുന്നതിലെ ബുദ്ധിമുട്ടും മേക്കപ്പ് പ്രേമികളെ അലോസരപ്പെടുത്താറുണ്ട്. ഇതിന് പരിഹാരമായാണ് സിലിക്കണ്‍ സ്‌പോഞ്ചുകള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. വളരെ എളുപ്പത്തില്‍ ഇവ ഉപയോഗിച്ചു മുഖത്ത് മേക്കപ്പ് ഇടാനാകും. സാധാരണ വെളളത്തില്‍ കഴുകിയെടുത്താല്‍ സിലിക്കണ്‍ സ്‌പോഞ്ചുകള്‍ വൃത്തിയാക്കാം. ഇവ ദീര്‍ഘകാലം ഉപയോഗിക്കാനും സാധിക്കും.

4. ബ്ലാക്ക്‌ഹെഡ് വാക്വം

പേരുപോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും. ഒരു വാക്വം ക്ലീനര്‍ പോലെ മുഖത്തെ ബ്ലാക്ക് ഹെഡുകള്‍ ഇത് വലിച്ചെടുക്കുന്നു. മാത്രവുമല്ല ഓപ്പണ്‍പോര്‍സിലുളള അഴുക്കുകളെയും നീക്കം ചെയ്യുവാന്‍ ഇതിന് കഴിയും. മുഖത്തെ ബ്ലാക്ക് ഹെഡുകള്‍ നീക്കാനായി വളരെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതൊരു നല്ല മാര്‍ഗമാണ്. നല്ല റേറ്റിംഗാണ് ഉപഭോക്താക്കള്‍ ഇതിനു നല്കുന്നത്.

5. ഐബ്രോ സ്റ്റാമ്പ്

മനോഹരമായ പുരികങ്ങള്‍ മുഖസൗന്ദര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. പുരികങ്ങളുടെ കനക്കുറവ് ഒത്തിരിപ്പേരെ വിഷമിപ്പിക്കുന്ന ഒന്നാണ്. ഇഷ്ടമുളള കട്ടിയിലും ആകൃതിയിലും വലുപ്പത്തിലുമുളള പുരികങ്ങള്‍ എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഐബ്രോ സ്റ്റാപുകള്‍. ഇഷ്ടമുളള സ്റ്റാപ് കൂടെയുളള പൗഡറില്‍ വച്ച് അമര്‍ത്തിയ ശേഷം പുരികത്തില്‍ വച്ചമര്‍ത്തുക. മനോഹരമായ പുരികം റെഡി. വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലും ഇവ ലഭ്യമാണ്. കട്ടികുറഞ്ഞ പുരികം ഉളളവര്‍ക്ക് ഇത് വഴി സമയം വളരെയധികം ലാഭിക്കാം. ഇത്തരത്തിലുളള സ്റ്റിക്കറുകളും ലഭ്യമാണ്. ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നപോലെ വളരെ എളുപ്പത്തില്‍ ഇതും ചെയ്യാന്‍ സാധിക്കും.

6. ലിപ് മാസ്‌ക്

ഫേസ്മാസ്‌കും ഫേഷ്യലുമൊക്കെ ചെയ്യുമ്പോള്‍ നാം വിട്ടുകളയുന്ന ഭാഗമാണ് ചുണ്ടുകള്‍. എന്നാല്‍ ഏറ്റവും ശ്രദ്ധ ആവശ്യമുളളതും ചുണ്ടുകള്‍ക്കാണ്. അതിനാലാണ് വിപണിയില്‍ ഇപ്പോള്‍ ഈ ലിപ് മാസ്‌കുകള്‍ തരംഗമായിരിക്കുന്നത്. ജെല്‍ പോലുളള ഇത്തരം ഷീറ്റുകള്‍ ചുണ്ടുകളെ കൂടുതല്‍ മനോഹരവും മൃദുലവുമാക്കുന്നു. രാത്രി ഉറങ്ങുന്നതിനുമുമ്പ് ഇത് ചുണ്ടുകളില്‍ വയ്ക്കാം. രാവിലെ ഇവ നീക്കം ചെയ്യുകയുമാകാം.

7.നെയില്‍ പോളിഷ് ഹോള്‍ഡര്‍ ആന്‍ഡ് സെപ്പറേറ്റര്‍

വളരെയധികം ഉപയോഗപ്രദമായ വസ്തുവാണ് ഇതെന്ന് പറയാതെ വയ്യ. സൗകര്യപൂര്‍വം നെയില്‍ പോളിഷ് ഉപയോഗിക്കാന്‍ സഹായിക്കുന്ന വസ്തുവാണിത്. സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച നെയില്‍ പോളിഷ് ഹോള്‍ഡര്‍ ഒരു മോതിരം പോലെ ഉപയോഗിക്കാനാവും. ഹോള്‍ഡറില്‍ നെയില്‍ പോളിഷ് വച്ച ശേഷം സുഖമായി നഖങ്ങളില്‍ നിറങ്ങള്‍ ചാലിക്കാവുന്ന താണ്.

നെയില്‍ പോളിഷ് ഇടുമ്പോള്‍ അത് മറ്റു വിരലുകളിലേയ്ക്ക് പടരുന്നത് സാധാരണമാണ്,പ്രത്യേകിച്ച് കാല്‍വിരലുകളില്‍. അതിന് പരിഹാരമായാണ് നെയില്‍ പോളിഷ് സെപ്പറേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്.

8. ടെമ്പറേച്ചര്‍ ചേഞ്ചിംഗ് ലിപ്സ്റ്റിക്ക്

ചുണ്ടുകളെ കൂടുതല്‍ മനോഹരമാക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകള്‍. ഓരോ സമയത്തും ഫാഷനുകള്‍ ചുണ്ടില്‍ മാറിമാറി വിരിയാറുണ്ട്. കളര്‍ ചേഞ്ചിംഗ് ലിപ്സ്റ്റിക്കുകളാണ് ഇപ്പോള്‍ വിപണി കൈയടക്കിയിരിക്കുന്നത്. ചുണ്ടുകളിലെ പി.എച്ച്, ഹ്യുമിഡിറ്റി, ചൂട് എന്നിവ മാറുന്നതനുസരിച്ചു ലിപ്സ്റ്റിക്കിന്റെ കളറും മാറും. പിങ്ക്, റോസ്, റെഡ് എന്നീ നിറങ്ങളില്‍ മാറിമാറി ചുണ്ടുകളില്‍ ഇത് മിന്നിത്തിളങ്ങും. നാച്വറല്‍ ലുക്ക്, വാട്ടര്‍ പ്രൂഫ്, ആന്റി ഏജിംഗ്, മോയിസ്ചറൈസിംഗ് എന്നിവയൊക്കെ ഇതിന്റെ പ്രത്യേകതയാണ്. നിറം പെട്ടെന്നു മങ്ങുമെന്ന് ഭയപ്പെടുകയും വേണ്ട.

9. ഇലക്ട്രിക് ഐ പാച്ചുകള്‍

ഇത് കൊളാജന്‍ ഉല്പാദനത്തെ ഉത്തേജിപ്പിക്കുകയും പുതിയ കോശങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുകയും ചെയ്യും. ഒപ്പം ചര്‍മത്തെ ബലപ്പെടുത്തി ചുളിവുകള്‍ മാറ്റും.

10. ലെന്‍സ് ആപ്ലിക്കേറ്റര്‍

ലെന്‍സ് കണ്ണില്‍ വയ്ക്കാനുളള ബുദ്ധിമുട്ടുകൊണ്ടു മാത്രം കണ്ണടയില്‍ തുടരാനുളള തീരുമാനം എടുത്ത എത്രപേരുണ്ട് നമ്മുടെ ഇടയില്‍. എന്നാല്‍ ഇനി കണ്ണില്‍ വച്ചിരിക്കുന്ന സോഡാക്കുപ്പി ധൈര്യമായി ദൂരെയെറിയാം. ലെന്‍സ് ആപ്ലിക്കേറ്റര്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ്. ഇതു ഉപയോഗിച്ചു വളരെ വേഗത്തിലും സൗകര്യപ്രദമായും ലെന്‍സ് കണ്ണുകളില്‍ വയ്ക്കാം.

11. ഫേയ്‌സ് റോളര്‍

മുഖത്തിന് നല്ലൊരു വ്യായാമം നല്കാന്‍ ഈ ഫേയ്‌സ് റോളറിനു സാധിക്കും. മുഖത്ത് രക്തയോം വര്‍ധിക്കുകയും തിളക്കം ഉണ്ടാകുകയും ചെയ്യും. മാത്രമല്ല ഇരത്താടി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പരിഹാരമാണിത്. മുഖത്തിന്റെ വണ്ണം കുറയ്ക്കുക, ഫേഷ്യല്‍ മസിലുകള്‍ ദൃഢമാക്കുക, ജോ ലൈന്‍ ഷാര്‍പ്പ് ആക്കുക എന്നിവയൊക്കെ ചെയ്യാന്‍ ഈ ചെറിയ ഉപകരണത്തിന് സാധിക്കും. ദിവസവും കൃതൃമായി മുഖത്ത് മസാജ് ചെയ്യണമെന്നു മാത്രം.

12.ഫേഷ്യല്‍ ത്രെഡിംഗ് മെഷിന്‍

മുഖം ത്രെഡ് ചെയ്യാനായി ബ്യൂട്ടിപാര്‍ലറില്‍ പോകുന്നവരാണ് മിക്കവരും. ഇതു കൊറോണ സമയത്തു പലരെയും ബുദ്ധിമുട്ടിക്കുകയും ചെയ്തു. എന്നാല്‍ ഈ മെഷീന്‍ നമുക്കു സൗകര്യപൂര്‍വം എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാവും.

ഇനിയും തിരക്കാണെന്നു പറഞ്ഞ് സൗന്ദര്യത്തില്‍ ശ്രദ്ധ നല്കാതിരിക്കരുത്. ജീവിത പ്രശ്‌നങ്ങളും തിരക്കുകളുമൊക്കെയാണ് പലപ്പോഴും സ്ത്രീകളുടെ ജീവിതത്തില്‍ നിന്നു വര്‍ണങ്ങള്‍ മായിച്ചുകളയുന്നത്.

ട്രീസ ജോയി