"ഇ - വണ്ടി'ക്ക് ഇഷ്ടംപോലെ നികുതിയിളവ്
Tuesday, July 30, 2019 5:06 PM IST
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12ൽനിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ചാർജറിന്റെ ഫീസിന്മേലുള്ള ജിഎസ്ടി നിരക്കും അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. മുന്‍പ് ചാർജറിന് 18 ശതമാനം ജിഎസ്ടി ആയിരുന്നു ചുമത്തിയിരുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വാടകയ്ക്ക് എടുക്കുന്ന ഇലക്ട്രിക് ബസുകളുടെ വാടക നിരക്കിനെയും ജിഎസ്ടി പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതൽ ഇളവ് ബാധകമായിരിക്കുമെന്ന് ഇന്നലെ ചേർന്ന ജിഎസ്ടി കൗണ്‍സിൽ അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇവയുടെ നികുതി നിരക്ക് കുത്തനെ കുറച്ചിരിക്കുന്നത്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തെ സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
ഇലക്ട്രോണിക് വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്ന് നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയ ശേഷം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി വായ്പകൾ എടുക്കുന്നവർക്ക് 1.5 ലക്ഷം വരുമാന നികുതി ഇളവ് നല്‍കുമെന്നും നിർമല സീതാരാമൻ ബജറ്റ് നിർദേശങ്ങളിൽ പറഞ്ഞിരുന്നു.
വൈദ്യുത വാഹനങ്ങളുടെ വില്പന വർധിപ്പിക്കാനുള്ള ദേശീയ നയത്തിന്റെ ഭാഗമായി രാജ്യത്തെ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസുകൾ 840 മടങ്ങ് വരെ വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, പഴയ വാഹനങ്ങൾ പൊളിച്ച സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനുള്ള ശിപാർശയും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് മുന്നിലുണ്ട്.
ഇതുസംബന്ധിച്ചു കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം രണ്ടു മാസത്തിനകം അന്തിമ ഫീസ് ഘടന രൂപപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്. പുതിയ പെട്രോൾ, ഡീസൽ കാറുകൾ രജിസ്റ്റർ ചെയ്യാനുള്ള ചാർജ് 5,000 രൂപയും രജിസ്ട്രേഷൻ പുതുക്കുന്നതിന് 10,000 രൂപയും ആക്കാനാണ് ശിപാർശ. ഇപ്പോൾ പുതിയ രജിസ്ട്രേഷൻ നടത്താനും പഴയതു പുതുക്കാനും ഉള്ള ഫീസുകൾ 600 രൂപയാണ്.
പുതിയ ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് 1000 രൂപയാക്കും. പുതുക്കാൻ 2000 രൂപ നല്‍കേണ്ടിവരും. നിലവിൽ 50 രൂപയാണ് ഈ രണ്ടു നടപടികൾക്കും ഇരുചക്ര വാഹനങ്ങൾക്കുള്ള ഫീസ്്. ഇറക്കുമതി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾ രജിസ്റ്റർ ചെയ്യാനുള്ള ഫീസ് 2500ൽനിന്ന് 20,000 രൂപയായി ഉയർത്താനും ശിപാർശയുണ്ട്. ടാക്സി രജിസ്ട്രേഷൻ ഫീസ് 10,000 രൂപയാകും. പുതുക്കാൻ ആകട്ടെ 20,000 രൂപ ഇനി നല്‍കണമെന്നാണു ശിപാർശ. നിലവിൽ ടാക്സി വാഹനങ്ങൾക്ക് 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് നിലവിൽ ഓരോ ആറു മാസവും പരിശോധനയ്ക്കു വിധേയമാക്കി പുതുക്കണമെന്ന വ്യവസ്ഥ ഏറ്റവും കർശനമാക്കും. പരിശോധന വൈകുന്ന ഓരോ ദിനത്തിനും 50 രൂപ പ്രകാരം പിഴ ഈടാക്കാനാണു നിർദ്ദേശം. വാഹന എൻജിനുകൾ വഴിയുള്ള പരിസര മലീനീകരണം കുറയ്ക്കാനുള്ള കർശന വ്യവസ്ഥകളും ശിപാർശകളിലുണ്ട്.
സെബി മാത്യു