എ​ന്താ​ണ് സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി; ഒ​രു ഡോ​സി​ന് 18 കോടി ചെ​ല​വ് എ​ങ്ങ​നെ?
Monday, July 5, 2021 8:28 PM IST
സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി ബാ​ധി​ച്ച കു​ട്ടി​ക്ക് ഒ​രു ഡോ​സ് മ​രു​ന്ന് ന​ല്കു​ന്ന​തി​നാ​യി 18 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച വാ​ർ​ത്ത നാം ​ക​ണ്ട​താ​ണ്. എ​ന്താ​ണ് സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി എ​ന്ന രോ​ഗം? എ​ന്തി​നാ​ണ് ഒ​രു ഡോ​സ് മ​രു​ന്നി​നാ​യി ഇ​ത്ര​യേ​റെ ചെ​ല​വു വ​രു​ന്ന​ത് ? ഈ ​സം​ശ​യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ലു​ണ്ട്.

സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി (എ​സ്എം​എ)

ന​മ്മു​ടെ ശ​രീ​ര​പേ​ശി​ക​ളു​ടെ ശ​ക്തി ക്ര​മേ​ണ ക്ഷ​യി​ക്കു​ന്ന അ​പൂ​ർ​വ ജ​നി​ത​ക​രോ​ഗ​മാ​ണ് സ്പൈ​ന​ൽ മ​സ്കു​ല​ർ‌ അ​ട്രോ​ഫി (എ​സ്എം​എ). പേ​ശി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന നാ​ഡി​ക​ൾ ഉ​ത്ഭ​വി​ക്കു​ന്ന​ത് സു​ഷു​മ്ന നാ​ഡി​യി​ൽ നി​ന്നാ​ണ്. ഈ ​കോ​ശ​ങ്ങ​ൾ ക്ര​മേ​ണ ക്ഷ​യി​ക്കു​ന്ന​താ​ണ് രോ​ഗ​കാ​ര​ണം. ത​ല​ച്ചോ​റി​ലെ​യും സു​ഷു​മ്ന​യി​ലെ​യും കോ​ശ​ങ്ങ​ൾ ന​ശി​ച്ചാ​ൽ പ​ക​രം പു​തി​യ കോ​ശ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ പേ​ശി​ക​ളു​ടെ ശ​ക്തി തി​രി​ച്ചു​കി​ട്ടാ​ത്ത​വി​ധം ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കും.

രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യ​മ​നു​സ​രി​ച്ച് എ​സ്എം​എ-0, എ​സ്എം​എ-1, എ​സ്എം​എ-2, എ​സ്എം​എ-3, എ​സ്എം​എ-4 എ​ന്നി​ങ്ങ​നെ അ​ഞ്ചു വ​ക​ഭേ​ദ​ങ്ങ​ളാ​യാ​ണ് ഇ​തി​നെ തി​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​ന് എ​സ്എം​എ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് തു​ട​ർ​ന്ന് ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കും ഈ ​രോ​ഗ​മു​ണ്ടാ​കാ​ൻ 25 ശ​ത​മാ​നം സാ​ധ്യ​ത​യു​ണ്ട്.


ചെ​ല​വേ​റി​യ ചി​കി​ത്സ

സാ​ധാ​ര​ണ​യാ​യി ഫി​സി​യോ​തെ​റാ​പ്പി​യും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ളു​മാ​ണ് പ്രാ​ഥ​മി​ക​മാ​യി ന​ല്കി​വ​ന്നി​രു​ന്ന​ത്. കൂ​ടാ​തെ കു​ഞ്ഞി​ന്‍റെ രോ​ഗ​ത്തെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക് അ​വ​ബോ​ധം ന​ല്കു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സം ന​ല്കു​ന്ന​തി​നു​മാ​യി കൗ​ൺ​സി​ലിം​ഗും ന​ല്കാ​റു​ണ്ട്.

എ​ന്നാ​ൽ, ആ​ഗോ​ള വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ പു​രോ​ഗ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്തി​ടെ​യാ​ണ് എ​സ്എം​എ​യ്ക്ക് നൂ​ത​ന ചി​കി​ത്സ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യെ​ല്ലാം ചെ​ല​വേ​റി​യ​താ​ണ്. ഇ​വ​യി​ൽ ഒ​ന്നാ​ണ് സോ​ൾ​ഗെ​ൻ​സ്മ എ​ന്ന മ​രു​ന്ന്. ഒ​റ്റ​ത്ത​വ​ണ ഞ​ര​മ്പി​ൽ കു​ത്തി​വ​യ്ക്കു​ന്ന ഈ ​മ​രു​ന്ന് ര​ണ്ടു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് ന​ല്കു​ന്ന​ത്. യു​എ​സി​ലെ എ​ഫ്ഡി​എ അം​ഗീ​ക​രി​ച്ച ഈ ​മ​രു​ന്നി​ന് 18 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. അ​തേ​സ​മ​യം, ഈ ​ചി​കി​ത്സ​യ്ക്ക് എ​ത്ര​ശ​ത​മാ​നം ഫ​ല​മു​ണ്ട് എ​ന്ന​ത് ല​ഭ്യ​മ​ല്ല.

അപൂർവ ജനിതകരോഗമായതിനാൽ ചെ​ല​വേ​റി​യ ഗ​വേ​ഷ​ങ്ങ​ളും ഉ​യ​ർ​ന്ന മു​ട​ക്കു​മു​ത​ലും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​ക്കു​റ​വും മൂ​ല​മാ​ണ് ഈ ​മ​രു​ന്നി​ന് വി​ല കൂ​ടു​ന്ന​ത്. കൂ​ടാ​തെ മ​റ്റു പ​ല ഘ​ട​ക​ങ്ങ​ളും വി​ല​കൂ​ട്ടാ​ൻ മ​രു​ന്നു​ക​മ്പ​നി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്നു.