ഞങ്ങളുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന സീനിയർ ക്ലർക്ക് രണ്ടു മാസം മുന്പ് അപകടത്തിൽ മരണപ്പെട്ടു. അദ്ദേഹത്തിന് 14ഉം 10ഉം വയസു പ്രായമുള്ള രണ്ടു കുട്ടികളുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ രണ്ടു വർഷം മുന്പ് മരണപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ മൈനറായ കുട്ടികൾക്ക് ഫാമിലി പെൻഷൻ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. ഇതിൽ ഒരാൾക്ക് മാത്രമല്ലേ ഫാമിലി പെൻഷൻ നൽകാൻ സാധിക്കുകയുള്ളൂ?
ജോമോൻ, തൊടുപുഴ
സർവീസിലിരുന്നു മരണമടയുന്ന ജീവനക്കാരുടെ കുടുംബത്തിനാണ് ഫാമിലി പെൻഷന് അർഹത. ഇതിൽ ഫാമിലി പെൻഷൻ ആദ്യം ലഭിക്കാൻ അർഹത ഒന്നാമത്തെ കുട്ടിക്കാണ്. കുട്ടികൾ മൈനറായതുകൊണ്ട് കുട്ടികളുടെ ഗാർഡിയന്റെ പേരിലേ ഫാമിലി പെൻഷൻ അനുവദിക്കുകയുള്ളൂ. ഇതിനായി റവന്യു അധികൃതർ /തഹസീൽദാർ മുഖേനയോ അല്ലെങ്കിൽ കോടതി മുഖേനയോ കുട്ടികളുടെ ഗാർഡിയനായി അംഗീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. മൂത്ത കുട്ടിക്കുവേണ്ടി ഗാർഡിയനാണ് പെൻഷൻ കൈപ്പറ്റുക. കുട്ടിക്ക് 18 വയസ് പൂർത്തിയായാൽ ഫാമിലി പെൻഷൻ കുട്ടിയുടെ പേരിലേക്ക് മാറ്റേണ്ടതാണ്. മൂത്ത കുട്ടിക്ക് 25 വയസ് പൂർത്തിയാവുകയോ ജോലി ലഭിക്കുകയോ ചെയ്യുന്പോൾ ഫാമിലി പെൻഷൻ നിർത്തുന്നതാണ്. തുടർന്നു രണ്ടാമത്തെ കുട്ടിയുടെ പേർക്ക് ഫാമിലി പെൻഷന് ലഭിക്കുന്നതാണ്. ആ കുട്ടി മൈനറാണെങ്കിലും ലീഗൽ ഗാർഡിയനെ നിശ്ചയിക്കേണ്ടതാണ്.