സർക്കാർ ജീവനക്കാർ അധ്യാപകർ, മറ്റു വിഭാഗം ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കായി ഓഗസ്റ്റ് ഒന്നു മുതൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്കു തുടക്കം കുറിക്കുന്നു. സംസ്ഥാന ധനകാര്യ വകുപ്പിനാണ് അഡ്മിനിസ്ട്രേഷൻ ചുമതല. റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനിക്കാണ് മൂന്നു വർഷത്തേക്ക് നടത്തിപ്പു ചുമതല. (ഗ.ഉ(പി) 87/2019 തീയതി 15/7/ 2019)
മെഡിക്കൽ ഇൻഷ്വറൻസ് സ് കീം ടു സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് എന്നതിന്റെ ചുരുക്കപേരായ മെഡിസെപ് (MEDISEP) എന്നതാണ് പദ്ധതിയുടെ പേര്. പദ്ധതിക്കുള്ള രജിസ്ട്രേഷനും വിവരശേഖരണവും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.
സംസ്ഥാന സർവീസിലുള്ളവരും പെൻഷൻകാരും നിർബന്ധമായും ഈ പദ്ധതിയിൽ ചേരണം. കളക്ടീവ് റിസ്ക് ഷെയറിംഗ് സ്കീമായാണ് ഈ പദ്ധതിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ മാസവും 250 രൂപ വീതം സർവീസിലുള്ളവരിൽനിന്ന് ഈടാക്കും. പെൻഷൻകാരുടെ മെഡിക്കൽ അലവൻസിൽനിന്ന് ഈ തുക കണ്ടെത്തും. ഇതിൽനിന്നു പദ്ധതിയിൽ ചേരുന്ന ഓരോ അംഗത്തിന്റെയും പേരിൽ വാർഷിക പ്രീമിയം തുകയായ 2992.45 രൂപ (ജിഎസ്ടി ഉൾപ്പെടെ) സർക്കാർ ഇൻഷ്വറൻസ് കന്പനിക്കു കൈമാറും. 2019 ഓഗസ്റ്റ് മുതൽ 2022 ജൂലൈ വരെയാണ് പദ്ധതിയുടെ കാലാവധി.
ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി നിലവിൽ വരുന്നതോടെ ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് അർഹതയുള്ളവർക്കു പണം അടയ്ക്കാതെ ആശുപത്രികളിൽനിന്നു ചികിത്സ ലഭ്യമാകും (ഈ പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികൾ മാത്രം).
മരുന്ന്, ചികിത്സ, ഡോക്ടറുടേത് അടക്കമുള്ള ഫീസ്, റൂം ചാർജ്, പരിശോധനാ നിരക്ക് തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷയ്ക്ക് അർഹതയുണ്ട്. ചികിത്സാനിരക്കുകളും ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ ലിസ്റ്റും സർക്കാർ പ്രസിദ്ധീകരിച്ചു. ഈ രംഗത്തുനിന്നും പല പ്രമുഖ ആശുപത്രികളും വിട്ടുനിൽക്കുന്നത് ജീവനക്കാരെയും പെൻഷൻകാരെയും ആശങ്കയിലാക്കി.
പദ്ധതിയിൽ ഉൾപ്പെട്ടവർ
1. സർക്കാർ ജീവനക്കാർ
2. അധ്യാപകർ/ അനധ്യാപകർ
(എയ്ഡഡ് സ്കൂൾ / കോളജ്)
3. സർവകലാശാലാ ജീവനക്കാർ
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ
5. പഞ്ചായത്ത് - മുനിസിപ്പൽ കോമണ് സർവീസ്
6. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടവർ
7. പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർ
8. പെൻഷൻകാർ
9. ഫാമിലി പെൻഷൻകാർ
10. എക്സ് ഗ്രേഷ്യാ പെൻഷൻകാർ
പുതിയ കുടുംബങ്ങളെ ഉൾപ്പെടുത്തൽ
1. പോളിസി കാലയളവിൽ പോളിസി ഉടമയുടെ
പുതിയ പങ്കാളി
2. പോളിസി കാലയളവിൽ ജനിക്കുന്ന കുട്ടികൾ.
കുടുംബാംഗങ്ങളെ ഒഴിവാക്കൽ
1. പോളിസി ഉടമ മരിച്ചാൽ
2. വിവാഹമോചനം നേടിയാൽ
3. മക്കൾ 25 വയസ് പൂർത്തിയാകുകയോ വിവാഹം
കഴിക്കുകയോ ജോലി ലഭിക്കുകയോ ചെയ്താൽ