പോലീസിനെ ചുറ്റിക്കുന്ന ഒന്നൊന്നര വെളിപ്പെടുത്തല്‍
Friday, July 11, 2025 1:35 PM IST
കോഴിക്കോട്: 39 വര്‍ഷം മുന്‍പ് നടത്തിയ കൊലപാതകത്തെ കുറിച്ച് മധ്യവയസ്കന് ഏറ്റുപറയുക...അതും പോലീസ് സ്റ്റേഷനിലെത്തിനേരിട്ട്. വെളിപ്പെടുത്തി രണ്ടാം ദിവസം മറ്റൊരു കൊലപാതകകഥ കൂടി ഇയാള്‍ വെളിപ്പെടുത്തുന്നു.
അന്വേഷണത്തില്‍ പ്രതിപറഞ്ഞ ദിവസങ്ങളില്‍ മരണമുണ്ടായതായി സ്ഥിരീകരിക്കപ്പെട്ടു. പക്ഷേ കൊല്ലപ്പെട്ടതാര് ?, രണം സംഭവിച്ചതെങ്ങിനെ ?, കൊലപാതകമാണെങ്കില്‍ കൂട്ടുപ്രതികളുണ്ടോ ? 39 വര്‍ഷങ്ങള്‍ക്കപ്പുറത്തെ കേസ് ഫയല്‍ തട്ടിയെടുക്കുകയാണ് കേരള പോലീസ്.
ഒരു സിനിമാക്കഥപോലെ ഇനി എല്ലാം ഇഴ ചേര്‍ത്ത് കൊണ്ടുവരണം... ഒപ്പം പ്രതിയുടെ സ്വഭാവത്തെക്കുറിച്ചും അന്വേഷിക്കണം. എന്തായാലും ക്ലൈമാക്സിലേക്ക് ഏറെ ദുരം സഞ്ചരിക്കാനുണ്ടെന്ന് പോലീസിനറിയാം.

മൃതദേഹങ്ങള്‍ കണ്ടെത്തിയത് തോട്ടിലും കടല്‍ തീരത്തും....
1986 ൽ കൂടരഞ്ഞിയില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തോട്ടിലേക്ക് ചവിട്ടിയിട്ട് കൊന്നു എന്നായിരുന്നു മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
14-ാം വയസിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം ജൂണ്‍ അഞ്ചിനാണ് മലപ്പുറം വേങ്ങര സ്റ്റേഷനിൽ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത് 1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവച്ചും ഒരാളെ കടലില്‍ മുക്കികൊന്നുവെന്ന് രണ്ടാമത്തെ മൊഴി.
രണ്ടും രണ്ട് സ്ഥലത്ത്. നാല് വര്‍ഷത്തെ ഇടവേളയില്‍...പോലീസ് വട്ടം ചുറ്റാന്‍ വേറെ എന്തുവേണം. ? ഈ രണ്ടുകേസുകളും അസ്വാഭാവിക മരണമെന്ന നിലയില്‍ അതാത് പോലീസ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിരുന്നതായും കണ്ടെത്തി.
മുഹമ്മദലി കൂടരഞ്ഞിയിൽ കൊലപ്പെടുത്തിയെന്നു പറയുന്നയാൾ ഇരിട്ടി സ്വദേശിയെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരിട്ടിയിലെ ചെറുപ്പക്കാരാണ് മരിച്ചയാളെ കൂടരഞ്ഞിയിൽ ജോലിക്കായി കൊണ്ടുവന്നതെന്നു കൂടരഞ്ഞി സ്വദേശിയും ഈ സംഘത്തിനു ജോലി നൽകിയ ജോസഫിന്റെ മകനുമായ ദേവസ്യ പറഞ്ഞു.
‘രണ്ടു ദിവസം മാത്രം ജോലി ചെയ്തതിനാൽ പേരോ മറ്റു വിവരങ്ങളോ അറിയില്ല. ആഴമില്ലാത്ത, വെള്ളം കുറഞ്ഞ തോട്ടിൽ വീണാണ് മരണം. ശ്വാസകോശത്തിൽ മണ്ണും ചെളിയും കയറിയതാണ് മരണകാരണം എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിനു മാസങ്ങൾക്കു ശേഷം അയാളുടെ പിതാവ് കൂടരഞ്ഞിയിൽ വന്ന് അന്വേഷിച്ചു പോയിരുന്നു.
വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ മൃതദേഹത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സിറ്റി പോലീസ് കമ്മിഷണർ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. നടക്കാവ് പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. തനിക്ക് പണം തരാം എന്ന് പറഞ്ഞ് പറ്റിച്ചയാളെ താനും കഞ്ചാവ് ബാബു എന്നയാളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നായിരുന്നു മൊഴി.
കൊലപാതകത്തിനുശേഷം കഞ്ചാവ് ബാബുവിനെ കണ്ടിട്ടില്ലെന്നും മുഹമ്മദാലി പറഞ്ഞു. മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാമെന്ന സഹോദരൻ പൗലോസിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് ആ വഴിക്കും പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
2015ൽ കോഴിക്കോട് വിജയ ആശുപത്രിയിലും തൊട്ടടുത്ത വർഷം മെഡിക്കൽ കോളജിലും മുഹമ്മദലി ചികിത്സ തേടിയിരുന്നതായും വിവരം കിട്ടി. അതിന്റെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചു.