എനിക്കു ഡോക്ടറാവണം
Saturday, March 23, 2019 12:01 PM IST
ഒന്നിനും ഒരു കുറവുമില്ലാതിരുന്നിട്ടും അലസതയുടെ ഈസി ചെയറിൽ മലർന്നുകിടന്ന് പരാജയ കാരണങ്ങൾ കണ്ടുപിടിക്കുന്നവർക്ക് ഈ വീൽചെയറിലേക്കു നോക്കാം. അതിലിരിക്കുന്നത് അർച്ചനയാണ്. അർച്ചന വിജയൻ.
അച്ഛന്റെയും അമ്മയുടെയും തോളിൽനിന്നിറങ്ങിയ കാലം മുതൽ അതിലിരിക്കേണ്ടി വന്നിട്ടും ജീവിതം പൊന്നാക്കിയ പെണ്കുട്ടി. ഇപ്പോൾ എംബിബിഎസിനു പഠിക്കുന്ന അവളെ കാണാമെന്നുവച്ച് ഞങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ എത്തി. വിശ്വസിക്കാനായില്ല. ബുറാൻ സോന്മെസിന്റെ ഇസ്താംബൂൾ എന്ന കഥ തുടങ്ങുന്പോൾ പറയുന്നതുപോലെ "സത്യത്തിൽ ഇതൊരു നീണ്ട കഥയാണ്. പക്ഷേ, ഞാനതു ചുരുക്കിപ്പറയാം.’
കോട്ടയം മെഡിക്കൽ കോളജിലെ സി ബ്ലോക്കിന്റെ വാതിലിനടുത്ത് നില്ക്കുന്പോഴാണ് അർച്ചനയെ ആദ്യമായി കണ്ടത്. കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഒരു വീൽ ചെയറാണ് വരാന്തയുടെ അങ്ങേയറ്റത്ത് ആദ്യം പ്രത്യക്ഷപ്പെട്ടത്. അകലം കൂടുതലും വെളിച്ചം കുറവുമായിരുന്നതിനാൽ അതിലിരിക്കുന്നയാളെ തിരിച്ചറിയാൻ ബുദ്ധിമുട്ടി. നിമിഷങ്ങൾകൊണ്ട് അവൾ അടുത്തെത്തി. പ്രിയപ്പെട്ട ചില കൂട്ടുകാരുമുണ്ട്. എല്ലാവരും ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികൾ. നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റുകയാണ്. അർച്ചനയുടെ തുറന്ന ചിരിയും പ്രസന്നമായ പെരുമാറ്റവും നാം കരുതിവച്ച ചോദ്യാവലികളെ വലിച്ചുകീറിക്കളയും. ഡോക്ടറാകണമെന്ന് ചെറുപ്പത്തിൽ തീരുമാനിച്ചു. ഇപ്പോൾ അതിനായി പഠിക്കുന്നു. അതിനിടയ്ക്കുള്ള പോരാട്ടമാണ് നമുക്കു കേൾക്കേണ്ടത്.
ആരാണ് അർച്ചന
ഒരു വീൽചെയറിലെ ഇരിപ്പുകൊണ്ട് അട്ടിമറിക്കാവുന്നതല്ല ജീവിതമെന്ന് 20 വർഷത്തെ ജീവിതംകൊണ്ട് തെളിയിച്ച പെണ്കുട്ടിയാണ് അർച്ചന. പാലക്കാട് ജില്ലയിലെ തേങ്കുറിശിയിലാണ് വീട്. അച്ഛൻ ശ്രീപാദം പിഷാരത്ത് പി.കെ. വിജയൻ പോസ്റ്റുമാനാണ്. അമ്മ ദേവി. മകളെ കോളജിൽ കൊണ്ടുപോകാനും കൊണ്ടുവരാനുമായി മെഡിക്കൽ കോളജിനടുത്ത് വാടകവീട്ടിൽ ഇപ്പോൾ മകൾക്കൊപ്പം താമസിക്കുന്നു. സഹോദരൻ വിഷ്ണു ബംഗളൂരുവിൽ സ്വകാര്യകന്പനിയിലാണ്.
അർച്ചനയ്ക്ക് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന ജന്മനായുള്ള രോഗമാണ്. ശരീരത്തിന്റെ മസിൽ ചലനങ്ങളെ നിയന്ത്രിക്കുന്ന നെർവസ് സിസ്റ്റത്തെയാണ് അത് ബാധിക്കുന്നത്. അതുകൊണ്ട് നടക്കാനും മറ്റു കാര്യങ്ങൾ സ്വയം ചെയ്യാനുമൊക്കെ ബുദ്ധിമുട്ടാണ്. വീൽ ചെയറിൽനിന്ന് എഴുന്നേല്ക്കണമെങ്കിൽപോലും ആരുടെയെങ്കിലും സഹായം വേണം. കൈ കാലുകൾ ഉയർത്താൻ എളുപ്പമല്ല, സ്റ്റെയർകേസ് കയറാനാവില്ല. ബാല്യകാലത്ത് ഒന്നും തനിയെ ചെയ്യാനാവില്ലായിരുന്നു. അലോപ്പതി, ആയുർവേദ ചികിത്സയുമൊക്കെ ഏറെ നടത്തി. ഇപ്പോൾ കുറെ വ്യത്യാസമുണ്ട്. ചികിത്സകൾ തുടരുന്നുമുണ്ട്.

പക്ഷേ, ഇതൊന്നുമല്ല അവളെ വ്യത്യസ്തയാക്കുന്നത്. ഇച്ഛാശക്തിയും കഠിനാധ്വാനവുമാണ്. അവൾ സ്വപ്നങ്ങളെ രോഗത്തിന്റെ പേരു പറഞ്ഞ് ആട്ടിപ്പായിച്ചില്ല. നന്നായി പരിശ്രമിച്ച് അതൊക്കെ യാഥാർഥ്യമാക്കി. കുഞ്ഞായിരുന്നപ്പോൾ മുതൽ അവൾ എല്ലാം തികഞ്ഞവരെ പിന്നിലാക്കി സമ്മാനങ്ങൾ നേടിത്തുടങ്ങി. പഠനം തുടങ്ങിയപ്പോൾമുതൽ മുന്നിൽതന്നെ. പഠിക്കാൻ ആരും നിർബന്ധിക്കണ്ട. ഒക്കെ യഥാസമയം ചെയ്തുകൊള്ളും.
കലാ-സാഹിത്യ പരിപാടികളൊന്നും ഒഴിവാക്കില്ല. മത്സരങ്ങൾക്കെല്ലാം പേരു കൊടുക്കും. മിക്കതിനും ഒന്നാമതെത്തി. നാലാം ക്ലാസിൽ പഠിക്കുന്പോൾ കവിതകളെഴുതി. ഒന്പതാം ക്ലാസിലെത്തിയപ്പോൾ തെരഞ്ഞെടുത്ത കവിതകൾ പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പേര് അർച്ചനപ്പൂക്കൾ. ഈ കുട്ടിതന്നെയാണോ ഇതൊക്കെ എഴുതിയതെന്ന് നാം അന്പരന്നുപോകുമെന്നും വാക്കുകൾ രൂപപ്പെടുത്തുന്ന രീതിയിൽ കവിത്വം സ്ഫുരിക്കുന്നുവെന്നുമാണ് അവതാരികയിൽ അക്കിത്തം എഴുതിയത്.
അതിനിടെ ക്ലാസിക്കൽ സംഗീതം പഠിച്ചു. കഥാപ്രസംഗത്തിലും കവിതയിലും പ്രസംഗത്തിലും ഉൾപ്പെടെ എല്ലാത്തിലും കഴിവു തെളിയിച്ചു. സംസ്ഥാന യുവജനോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. ഗുരുവായൂർ ചെന്പൈ സംഗീതോത്സവത്തിൽ പാടി ആസ്വാദകരുടെ കൈയടി വാങ്ങി. അനുമോദനപ്രവാഹമായിരുന്നു. പാലക്കാട്ടുവച്ച് വൈക്കം വിജയലക്ഷ്മിയോടൊത്ത് വേദിയിൽ പാടി. പക്ഷേ, അതുകൊണ്ടൊന്നും തീർന്നില്ല. മറ്റൊരു ലക്ഷ്യം മനസിൽവച്ച് അവൾ തന്റെ ഇച്ഛാശക്തിയുടെ ചക്രക്കസേര ഉരുട്ടിക്കൊണ്ടേയിരുന്നു. "എനിക്ക് ഒരു ഡോക്ടറാകണം.’
പഠിച്ചു പഠിച്ച്...
കൂട്ടുകാരുടെയും അമ്മയുടെയും കൈപിടിച്ച് അർച്ചന വീൽ ചെയറിൽനിന്ന് എഴുന്നേറ്റു. കൂട്ടുകാർ പ്രോത്സാഹിപ്പിച്ചതോടെ കോളജിന്റെ കവാടത്തിൽനിന്നുതന്നെ അവൾ പാടി. തന്റെ കവിതാസമാഹാരത്തിലെ അക്ഷരത്തോണി എന്ന കവിത. സ്വന്തം ശൈശവവും ബാല്യവും കൗമാരവുമൊക്കെയുണ്ട് വരികളിൽ. പക്ഷേ, സങ്കടങ്ങളുടെ ഒരു വാക്കുപോലുമില്ല കവിതയിലൊരിടത്തും.
ചുറ്റിനും നിന്ന വിദ്യാർഥികൾ അർച്ചനയെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരുന്നു. കൂട്ടുകൂടാനും പഠിക്കാനുമൊക്കെ ഒരുപോലെ മിടുക്കിയാണ്. അത്യാവശ്യ സമയത്തു മാത്രമാണ് അടുത്ത കൂട്ടുകാരുടെ പോലും സഹായം ചോദിക്കുന്നത്. ഒരുവിധം കാര്യങ്ങളൊക്കെ യന്ത്രവത്കൃത ചക്രക്കസേര ഓടിച്ച് അവൾതന്നെ ചെയ്തുകൊള്ളും.
കോളജിനു മുറ്റത്തെ തണൽ മരങ്ങൾക്കിടയിലൂടെ വരുന്ന കാറ്റ് താഴെയുള്ള ആശുപത്രിയെ ഓർമിപ്പിക്കുന്നു. മരുന്നിന്റെ മണം. അർച്ചന പാലക്കാട്ടെ ബാല്യകാലം ഓർത്തു. മരുന്നുകളുടെ നടുവിൽനിന്നാണ് അവൾ പിച്ചവച്ച് എഴുന്നേല്ക്കാൻ ശ്രമിച്ചത്.
ആദ്യം അച്ഛന്റെ എളിയിലിരുന്ന്, പിന്നെ അച്ഛന്റെ സൈക്കിളിന്റെയും ബൈക്കിന്റെയും പിന്നിലിരുന്ന്, പാലക്കാട്ടെ മഞ്ഞളൂർ എസ്ബിഎസ് സ്കൂളിലേക്കുള്ള യാത്ര തേങ്കുറിശിക്കാർക്കൊക്കെ കാഴ്ചയായിരുന്നു. അച്ഛനും അമ്മയ്ക്കും ഉള്ളിലൊരു തേങ്ങൽ. സ്കൂളിലെത്തിച്ചാൽ പിന്നെ അവളുടെ കാര്യം നോക്കാൻ അവിടെത്തന്നെ ജോലിയുണ്ടായിരുന്ന ഒരു സ്ത്രീയെ ഏർപ്പെടുത്തി. ബാത്റൂമിൽ പോകുന്നതിനും ഉച്ചഭക്ഷണം കഴിക്കുന്നതിനും പാത്രം കഴുകുന്നതിനുമൊക്കെ അവർ സഹായിച്ചു. ഏഴാം ക്ലാസിലെത്തിയതോടെ എല്ലാം സ്വയം ചെയ്യുന്നതിന് അർച്ചന കരുത്തുനേടി.
പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി. കഠിനാധ്വാനംകൊണ്ട് തന്റെ ന്യൂനതകൾക്കുമേൽ അവൾ അധികചിഹ്നങ്ങൾ ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരു ഡോക്ടറാകണമെന്ന അടക്കാനാവാത്ത അഭിവാഞ്ഛയുടെ ചിറകുകളായി അവളുടെ പ്രോഗ്രസ് കാർഡുകൾ മാറി.
ഡോക്ടറായേ പറ്റൂ

പക്ഷേ, എല്ലാം വിചാരിച്ചതുപോലെ നടന്നില്ല. പ്ലസ് ടൂവിനും 2017-ൽ മെഡിക്കൽ എൻട്രൻസിനും ഉന്നതവിജയം നേടി. ശാരീരിക ന്യൂനതയുള്ളതിനാൽ അതിനുള്ള സംവരണത്തിൽ പ്രവേശനത്തിനു ശ്രമിച്ചു. സംസ്ഥാനത്തും ദേശീയതലത്തിലും ശ്രമിച്ചു. പക്ഷേ, ശാരീരിക ന്യൂനതകൾ കൂടുതലാണെന്നും പഠനം ബുദ്ധിമുട്ടാകുമെന്നും പറഞ്ഞ് രണ്ടിടത്തും മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഓൾ ഇന്ത്യ േക്വാട്ടയിൽ കോഴിക്കോട്ട് അഡ്മിഷൻ ലഭിക്കേണ്ടതായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കിട്ടിയില്ല. എംബിബിഎസിനുള്ള ശ്രമം ഉപേക്ഷിച്ച് മറ്റെന്തെങ്കിലും കോഴ്സിനു ചേരാൻ എല്ലാവരും ഉപദേശിച്ചു. പക്ഷേ, അർച്ചന പിന്തിരിയാൻ തയാറായിരുന്നില്ല.
അടക്കാനാവാത്ത സ്വപ്നങ്ങളും അതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയുമാണ് അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതുതന്നെ. തോറ്റു പിന്മാറിയാൽ പിന്നെ അർച്ചനയില്ല. അച്ഛനോടും അമ്മയോടും തീർത്തു പറഞ്ഞു. "എനിക്കു ഡോക്ടറായേ പറ്റൂ.’ വീണ്ടും പരിശ്രമിച്ചു. തൃശൂരിലെ പി.സി. തോമസ് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ വീണ്ടും പഠിക്കാൻ പോയി. 2018ൽ വീണ്ടും എഴുതി. ഒരു സംവരണത്തിനും പോയില്ല. ആരുടെ സർട്ടിഫിക്കറ്റിനും കാത്തിരുന്നില്ല. ജനറൽ േക്വാട്ടയിൽ ആദ്യ അലോട്ട്മെന്റിൽ തന്നെ കോട്ടയത്ത് പ്രവേശനം കിട്ടി.
കോഴിക്കോട്ട് പഠിക്കുന്നതായിരുന്നു ഇഷ്ടം എന്നതിനാൽ വല്യ താത്പര്യത്തോടെയല്ല കോട്ടയം മെഡിക്കൽ കോളജിലെത്തിയത്. പക്ഷേ, പ്രിൻസിപ്പലും അധ്യാപകരും കൂട്ടുകാരുമൊക്കെ പുതിയൊരു അനുഭവമായിരുന്നു. മാറ്റത്തിനു ശ്രമിച്ചില്ല. അസൗകര്യങ്ങളൊക്കെ ഒന്നിനുപുറകെ ഒന്നായി മാറി. അധ്യാപകർക്കും കൂട്ടുകാർക്കുമൊക്കെ അവൾ പ്രചോദനമായി മാറി. താമസിക്കാൻ വാടകവീടു നല്കിയത് കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് തന്നെയാണ്. അഭിമാനത്തോടെയാണ് അദ്ദേഹം അവളെ ചേർത്തു പിടിച്ചത്.
"അർച്ചന വലിയ കഴിവുള്ള കുട്ടിയാണ്. അവൾ വിചാരിച്ചതു നടത്തും. എനിക്കറിയാം നല്ല വിദ്യാർഥിയായ ഇവൾ നല്ല ഡോക്ടറാകും.’ അദ്ദേഹം പറഞ്ഞു. കോളജ് കവാടത്തിൽനിന്ന് അവളെ ചേർത്തുപിടിച്ച് അമ്മ ദേവി കാറിൽ കയറ്റി. അവൾക്കുവേണ്ടി മാത്രം വാങ്ങിയ കാറിൽ അവൾക്കുവേണ്ടി മാത്രം ഡ്രൈവിംഗ് പഠിച്ച അമ്മയും കയറി. മെഡിക്കൽ കോളജിലും പരിസരത്തുമൊക്കെ ഈ അമ്മയും മകളും ഇപ്പോൾ പരിചിതരാണ്. ക്ലാസ് മുറികളുടെ വാതിൽക്കൽ മകളുടെ വീൽചെയറിനു കാതോർത്ത് ദേവിയുണ്ടാകും. ഉദരം മാത്രമല്ല, ജീവിതവും മകൾക്കു സമ്മാനമായി കൊടുത്ത് നിഴൽപോലെ അമ്മ.
ആദ്യം പറഞ്ഞതുപോലെ ശരിക്കും ഇതൊരു നീണ്ട കഥയായിരുന്നു. ഞാനതു ചുരുക്കിപ്പറഞ്ഞെന്നേയുള്ളു. ഡിസംബറിന്റെ ഈ അവസാന ദിവസങ്ങളിലും അർച്ചന കുതിക്കുകയാണ് വീൽചെയറിനു ചിറകു പിടിപ്പിച്ച്. വാടകവീട്ടിലെ കട്ടിലിൽ ഇരുന്ന് ജീവിതം പറഞ്ഞുകഴിഞ്ഞപ്പോൾ എന്താണു മറ്റുള്ളവരോടു പറയാനുള്ള സന്ദേശമെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു. ചെറിയ പരാജയങ്ങൾക്കുമുന്നിൽ വിട്ടുകൊടുക്കരുത്. പോയതൊക്കെ പോകട്ടെ, ഹാപ്പി ന്യൂ ഇയർ!.
ജോസ് ആൻഡ്രൂസ്