പട്ടിക്ക് എബിസി, പട്ടികയ്ക്ക് എബിസിഡി!
Friday, August 22, 2025 12:12 AM IST
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഫോൺ റിംഗ് ചെയ്യുന്നു.
“ഹലോ പാതാളമല്ലേ? ആരാണ് ഫോൺ എടുത്തിരിക്കുന്നത്?”
“അതെ പാതാളമാണ്. ഇതു മാവേലിയുടെ മന്ത്രിയാണ്. എന്താണു കാര്യം...?”
ഫോൺ വച്ച ശേഷം മന്ത്രി: “പ്രഭോ, ഭൂമിയിൽനിന്ന് ഒരു പെൺകുട്ടി വിളിച്ചിരുന്നു.”
“പെൺകുട്ടിയോ എന്നെയോ? പേര് വല്ലതും പറഞ്ഞോ?”
“ഒരു മോണിക്ക ആണെന്നാണു പറഞ്ഞത്.”
“എടോ അതു വല്ല പെൺകുട്ടിയുമല്ല. കേരളത്തിലേക്ക് ഇത്തവണയുള്ള നമ്മുടെ യാത്ര അറേഞ്ച് ചെയ്യുന്ന ട്രാവൽ ഏജൻസിയാ. അവരെന്താ പറഞ്ഞത്?’”
“തിരുമേനി ഇത്തവണ നേരത്തേ ഇറങ്ങണമെന്നു പറയാനാ അവർ വിളിച്ചത്.”
“നേരത്തെയോ? നോം സാധാരണ അത്തദിനത്തിലാണല്ലോ കേരളത്തിലേക്കു യാത്ര തിരിക്കാറ്.”
“അത്തദിനത്തിൽ പുറപ്പെടാനിരുന്നാൽ ഈ ഒാണം പോയിട്ട് അടുത്ത ഒാണത്തിനു പോലും അങ്ങ് എത്തില്ലെന്നാ പറയുന്നത്.”
“അതെന്താണ് അങ്ങനെയൊരു പുതുമ.”
“ഇത്തവണ ദേശീയപാതയിലൂടെയാണ് നമ്മുടെ റൂട്ട് മാപ്പ്. തിരുമേനി പത്രത്തിൽ കണ്ടില്ലേ. അവിടെ മണിക്കൂറുകൾ ബ്ലോക്കും കുരുക്കുമാണ്. ഒരുറക്കം കഴിഞ്ഞാലേ ഒരു ജംഗ്ഷൻ കടക്കാൻ പറ്റുകയുള്ളത്രേ.”
“ എന്നാൽ, താനൊരു കാര്യം ചെയ്യ്. നമ്മൾ ടൂർ പോകുന്പോൾ എടുക്കാറുള്ള ആ ടെന്റ് കൂടി എടുത്തോ. വണ്ടിയിൽ കുത്തിയിരുന്ന് ഉറങ്ങാൻ വയ്യ. ബ്ലോക്കിലെങ്ങാനും പെട്ടാൽ സൈഡിൽ എവിടെങ്കിലും ടെന്റടിച്ചു കിടക്കാം. ബ്ലോക്കു മാറുന്പോൾ എഴുന്നേറ്റു പോയാൽ മതിയല്ലോ.”
“അതു കലക്കൻ ഐഡിയ. ലോഡ്ജും ഹോട്ടലും തപ്പി നടക്കേണ്ടല്ലോ. പിന്നെ തിരുമേനി, അങ്ങ് കേരളത്തിലേക്കു പോകുന്പോൾ എനിക്കു കുറച്ചുദിവസം ലീവ് കിട്ടിയാൽ കൊള്ളാമായിരുന്നു.”
“താനെന്താണീ പറയുന്നത്. തനിക്ക് ലീവോ? എടോ ചെയ്യുന്ന ജോലിയോട് ഉത്തരവാദിത്വ ടൂറിസം വേണം. നമ്മൾ ഒന്നിച്ചല്ലേ ഇതുവരെ പോയിട്ടുള്ളത്. ഇത്തവണ തനിക്കെന്താ ഒരു മനംമാറ്റം?”
“അതു തിരുമേനി, വാർത്തകളൊക്കെ വായിച്ചപ്പോൾ ഒരു പേടി. നാട്ടിൽ കാലു കുത്തിയാൽ അപ്പോൾ പട്ടി കടിക്കുമെന്നാണു കേട്ടത്. ജയിലിലെ നടയടി എന്നതുപോലെ നടകടി തന്നിട്ടാണ് കേരളത്തിലേക്കു കയറ്റുന്നതത്രേ. പട്ടി വന്നാൽ ഒാടിക്കാൻ തിരുമേനിയുടെ കൈയിൽ കൊടയും വടിയുമൊക്കെയുണ്ട്. ഞാനെന്തു ചെയ്യും?”
“ശെടാ, ജനങ്ങളോടു വരാമെന്നു പണ്ടു വാക്കു കൊടുത്തതല്ലേ. അന്ന് ഇതുപോലെ പട്ടിയും പന്നിയുമൊന്നും നാട്ടിൽ ഇല്ലായിരുന്നല്ലോ. ഇനിയിപ്പോൾ എന്തു ചെയ്യും?”
“എന്തു ചെയ്യാൻ, തിരുമേനിയും ഒന്നു സൂക്ഷിക്കുന്നതു നല്ലതാ. ഈ താറു പാച്ചിയതുപോലെയുള്ള വേഷമൊക്കെ ഇട്ടു ചെന്നാൽ പട്ടിക്കു ബുഫെ കിട്ടിയതുപോലെയായിരിക്കും.”
“പട്ടി കടിച്ചാൽ കുത്തിവയ്പ് എടുക്കേണ്ടിവരില്ലേ?”- മാവേലിക്ക് ആശങ്ക.
“അതു കടിയുടെ ഗതിപോലെയിരിക്കും. കടിച്ചതിനു ശേഷം ബോഡിയിൽ വല്ലതും ബാക്കിയുണ്ടെങ്കിൽ കുത്തിവയ്ക്കാം. അല്ലെങ്കിൽ എല്ലും പല്ലും കുഴിയെടുത്തു മൂടാം.”
“എങ്കിൽ ഇത്തവണ വേഷമൊന്നു മാറ്റിപ്പിടിച്ചാലോ? കട്ടിയുള്ള ജീൻസ് ആയാലോ? പട്ടി കടിച്ചാലും അത്രയങ്ങോട്ട് എൽക്കില്ലല്ലോ. അല്ല, മന്ത്രീ എനിക്കൊരു സംശയം. ഈ രാഷ്ട്രീയക്കാർ മുണ്ടും ചുറ്റിയല്ലേ കേരളത്തിലൂടെ തേരാപാരാ നടക്കുന്നത്. എന്നിട്ട് അവരെയൊന്നും അങ്ങനെ പട്ടി കടിച്ചതായി കേൾക്കുന്നില്ലല്ലോ?”
“പിന്നേ, കരിങ്കല്ലിൽ കടിച്ച് പല്ലുകളയാൻ പട്ടിക്കു ഭ്രാന്തല്ലേ. തിരുമേനി, രാഷ്ട്രീയക്കാരൻ ആകാനുള്ള പ്രധാന യോഗ്യതകളിലൊന്ന് അപാര തൊലിക്കട്ടിയാണ്. കടിച്ചാൽ ഏൽക്കില്ലെന്നു പട്ടിക്കുപോലും അറിയാം.”
“എന്തായാലും പട്ടി കടിയേറ്റവരുടെ പട്ടികയിൽ മാവേലിയുടെ പേരു വരുന്നത് മലയാളിക്കു നാണക്കേടല്ലേ മന്ത്രീ. അവരെന്തെങ്കിലും പരിഹാരം കാണുമായിരിക്കും.”
“അവരെന്തു ചെയ്യാൻ... കടി കിട്ടിയാലും ഇല്ലെങ്കിലും അവർ പട്ടികയിൽനിന്നു പേരങ്ങു വെട്ടും. അതാണല്ലോ ഇപ്പോൾ ട്രെൻഡ്.”
“ഏതു പട്ടികയുടെ കാര്യമാ താനീ പറയുന്നത്?”
“അതാണ് തിരുമേനി വോട്ടർപട്ടിക. നാട്ടുകാരെ പട്ടിയാണ് കടിക്കുന്നതെങ്കിൽ രാഷ്ട്രീയക്കാരെ പട്ടികയല്ലേ കടിച്ചുകൊണ്ടിരിക്കുന്നത്. പട്ടിക്ക് എബിസി ആണെങ്കിൽ ചില വോട്ടർമാർക്ക് എബിസിഡി ആണത്രേ.”
“ഞാനും കേട്ടു. ഒരിടത്തു കൂട്ടത്തോടെ വെട്ടുന്നു, മറ്റൊരിടത്തു കൂട്ടത്തോടെ കയറ്റുന്നു. പട്ടിക്കു വന്ധ്യംകരണം, പട്ടികയ്ക്ക് അന്തംകരണം. ശരിക്കും പേയിളകിയിരിക്കുന്നത് പട്ടിക്കാണോ പട്ടികയ്ക്കാണോ? അതോ രണ്ടിനുമാണോ?”
മിസ്ഡ് കോൾ
ടെലികോം കന്പനികൾ മൊബൈൽ ഫോൺ നിരക്കുകൾ വീണ്ടും കൂട്ടുന്നു.
- വാർത്ത
യുവനേതാക്കളെ കുത്തുപാളയെടുപ്പിക്കുമോ?