മാർ പവ്വത്തിൽ എന്റെ മാർഗദർശി
Tuesday, March 21, 2023 10:42 PM IST
ജോൺ കച്ചിറമറ്റം
നാലു ദശാബ്ദക്കാലമായി ആർച്ച്ബിഷപ് പവ്വത്തിലുമായി ഹൃദയഐക്യത്തോടെ ഒരുമിച്ചു പ്രവർത്തിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. സഭയുടെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങൾ ഉരുത്തിരിയുന്പോൾ എന്തു നിലപാട് സ്വീകരിക്കണമെന്നു തീരുമാനിക്കേണ്ട സന്ദർഭത്തിൽ ഞാൻ അദ്ദേഹത്തിന്റെ നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുമായിരുന്നു. അതിലൊന്നായിരുന്നു വിമോചനസമരത്തിന്റെ കനകജൂബിലി ആഘോഷം.
ഇടതുപക്ഷ ഗവൺമെന്റ് ഭരണം നടത്തിയിരുന്ന ആ സമയത്ത് ജൂബിലി ആഘോഷത്തെപ്പറ്റി വിഭിന്ന അഭിപ്രായങ്ങളാണ് പല നേതാക്കന്മാരും പ്രകടിപ്പിച്ചത്. എന്തുകൊണ്ട് വിമോചനസമരം നടത്തേണ്ടിവന്നു എന്ന് കൃത്യമായി പഠിച്ച് ഈ തലമുറയെ ബോധ്യപ്പെടുത്താൻ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യാൻ എനിക്കു ധൈര്യം നൽകിയത് മാർ പവ്വത്തിൽ മാത്രമായിരുന്നു.
1993ൽ മാർ പവ്വത്തിൽ സിബിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം കത്തോലിക്കരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ ശ്രമിക്കും എന്നല്ല പ്രസ്താവിച്ചത്. മറിച്ച്, ഭാരതത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും എന്നാണ് പ്രസ്താവിച്ചത്. ആ ലക്ഷ്യംവച്ചുകൊണ്ടാണ് റിലീജിയസ് ഫെലോഷിപ് ഫൗണ്ടേഷൻ തുടങ്ങിയത്.
അറിവിന്റെ പിൻബലമുള്ള ആധികാരികമായ ബോധ്യങ്ങളാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. സഭയുടെയും സമുദായത്തിന്റെയും നന്മയ്ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത് എന്നത് മറ്റുള്ളവരിൽനിന്നു വ്യതിരക്തനാക്കുന്നു.
വിദ്യാഭ്യാസരംഗത്ത് നടത്തിയ ശ്രമങ്ങളും ന്യൂനപക്ഷാവകാശ സംരക്ഷണത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളും അദ്ദേഹത്തിന്റെ പ്രവാചകദൗത്യ പൂർത്തീകരണമായിരുന്നു. ക്രൈസ്തവവിരുദ്ധമായ ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ ചേർക്കപ്പെട്ടപ്പോൾ അതിനെതിരായി കത്തോലിക്കാ കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങൾക്ക് ശക്തി നൽകിയത് മാർ പവ്വത്തിൽ ആയിരുന്നു.