ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശന്പളമില്ലാത്ത അധ്യാപകരും
ഡോ. കുര്യൻ ചെറുശേരി
Monday, October 20, 2025 12:05 AM IST
കേരളത്തിൽ ഗുണമേന്മയുള്ള സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസർക്കാർ ഭീമമായ ഫണ്ടുകൾ ചെലവഴിച്ചുവരുന്നു. പല മേഖലകളിലൂടെയാണ് ഈ ഫണ്ടുകൾ ചെലവാക്കുന്നത്. ശന്പളം, വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഹൈടെക് ക്ലാസ് മുറികളുടെ നിർമാണം, വിദ്യാഭ്യാസ സാങ്കേതികവിദ്യകളുടെ ഉപയോഗ വ്യാപനം, നിരന്തരമായ അധ്യാപക പരിശീലനം, കലാ-കായിക മേളകൾ, കുട്ടികൾക്ക് പഠനോപകരണ വിതരണം, തുടങ്ങിയ നിരവധി മേഖലകൾ അക്കൂട്ടത്തിൽ വരും. ഇങ്ങനെ വലിയ ഫണ്ടുകൾ ചെലവഴിക്കുന്നതിന്റെ ഫലമായി നേടുന്ന സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വിലയിരുത്തേണ്ടത് കുട്ടികൾ ആർജിക്കുന്ന പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.
പഠനനേട്ടങ്ങൾ
പഠനനേട്ടങ്ങൾ എന്നതിൽ കുട്ടികൾ നേടുന്ന അറിവുകൾ ഉൾപ്പെടും. എന്നാൽ, അറിവുകൾകൊണ്ടുമാത്രം പഠനനേട്ടങ്ങളാകുകയില്ല. നേടിയ അറിവുകൾ വേണ്ട സമയത്തു പരമാവധി വേഗത്തിൽ വേണ്ടതുപോലെ പ്രയോഗിക്കാനുള്ള കഴിവുകൾകൂടി ഉണ്ടാകണം. ആ വിധത്തിൽ പ്രയോഗിക്കാനുള്ള കഴിവുകളെ നൈപുണ്യങ്ങൾ എന്നു പറയാം. നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ തന്റെയും തന്റെ കുടുംബത്തിനകത്തും പുറത്തുമുള്ള മറ്റുള്ളവരുടെയും നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാനുള്ള നല്ല മനോഭാവംകൂടി ഉണ്ടാകണം. ഇവ എല്ലാംകൂടി ചേർന്നുവരുന്പോൾ മാത്രമേ നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ പഠനനേട്ടങ്ങൾ എന്നനിലയിലും നിലവാരത്തിലും എത്തിയതായി പറയാൻ കഴിയുകയുള്ളൂ.
വിദ്യാഭ്യാസത്തിൽ പഠനനേട്ടങ്ങൾക്ക് ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. രാജ്യത്തുള്ള എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന വിദ്യാഭ്യാസ പ്രക്രിയ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പഠനനേട്ടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാകണമെന്ന് 2020ലെ വിദ്യാഭ്യാസനയത്തിൽ അടിവരയിട്ടു പറയുന്നുമുണ്ട്.
പഠനനേട്ടങ്ങൾ കൈവരിക്കണമെങ്കിൽ
ഇവിടെ സൂചിപ്പിച്ച വിധത്തിലുള്ള പഠനനേട്ടങ്ങൾ കേവലം കാണാപ്പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതികളിലൂടെ കുട്ടികൾക്കു നേടാൻ കഴിയുകയില്ല. അറിവുകൾ ലഭിക്കുന്നതിനുവേണ്ടി നിരവധി കുട്ടികൾ ഇപ്പോൾ ഉപയോഗിക്കുന്ന നിർമിതബുദ്ധിയുടെ (എഐ) സഹായം ഏറെയുണ്ടായാലും കുട്ടികൾക്കു ലഭിക്കുന്ന അറിവുകൾ പഠനനേട്ടങ്ങളുടെ നിലയിലേക്ക് എത്തണമെന്നില്ല. അതിനു കഴിയണമെങ്കിൽ വിദ്യാലയങ്ങളിൽ യോജിച്ച രീതിയിലുള്ള അനുഭവാത്മക പഠനം നടക്കണം. അതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ക്ലാസ് മുറികൾ ഓരോന്നിലും ഓരോ ദിവസവും കുട്ടികൾ അധ്യാപകരാകുന്ന കപ്പിത്താന്മാരുടെ നേതൃത്വത്തിൽ പഠനനേട്ടങ്ങൾ എന്ന ലക്ഷ്യത്തിലേക്കുള്ള തീർഥയാത്ര നടത്തിക്കൊണ്ടിരിക്കണം. ആ തീർഥാടനത്തിൽ അധ്യാപകരുടെ പങ്കും സ്ഥാനവും വളരെ വലുതാണ്.
അത്തരത്തിൽ വിദ്യാർഥിസമൂഹത്തെ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള, പഠനനേട്ടങ്ങളിലേക്കു നയിക്കണമെങ്കിൽ അധ്യാപകരാകുന്ന കപ്പിത്താന്മാർ അതിനു യോജിച്ച മാനസിക, ശാരീരിക അവസ്ഥയിൽ ആയിരിക്കുകകൂടി വേണം. വളരെയേറെ അധ്യാപകർ അങ്ങനെയൊരു അവസ്ഥയിലല്ല എങ്കിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി ഭീമമായ തുകകൾ മുടക്കിക്കൊണ്ടിരിക്കാം എന്നല്ലാതെ അതിനു പൂർണമായ ഫലപ്രാപ്തിയുണ്ടാകുകയില്ല.
എന്നാൽ അത്തരത്തിലുള്ള ഒരു അവസ്ഥയിലല്ല സംസ്ഥാനത്തെ നിരവധി അധ്യാപകർ ഇപ്പോഴുള്ളതെന്നു പറയേണ്ടിയിരിക്കുന്നു. വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരുടെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. ശന്പളം ലഭിക്കാതിരിക്കാനുള്ള യാതൊരു തെറ്റും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. സംസ്ഥാനത്ത് ഇപ്പോൾ കുറച്ചൊന്നുമല്ല, പതിനാറായിരത്തോളം അധ്യാപകർ അക്കൂട്ടത്തിൽ ഉണ്ടത്രേ! അവരുടെ സാന്പത്തികക്ലേശങ്ങളും മാനസിക സംഘർഷങ്ങളും തൊഴിൽ അസംതൃപ്തിയുമൊക്കെ ആർക്കാണ് ഊഹിക്കാൻ കഴിയാത്തത്?
മാസ്ലോയുടെ സിദ്ധാന്തം
ഒരു വ്യക്തിയിൽനിന്ന് ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകണമെങ്കിൽ അയാൾക്കു ചില അടിസ്ഥാന ആവശ്യങ്ങൾ നിശ്ചയമായും സാധിച്ചുകിട്ടിയിരിക്കണം. അങ്ങനെ കിട്ടേണ്ട ആവശ്യങ്ങളുടെ ഒരു ശ്രേണി അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്ന ഏബ്രഹാം മാസ്ലോ (1908-1970) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിൽ വരുന്നത് വ്യക്തിയുടെ ശാരീരിക ആവശ്യങ്ങളാണ്. മുഖ്യമായും ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങളാണ് അതിൽ വരുന്നത്. അതിനു തൊട്ടുമുകളിലുള്ള ശ്രേണീഘട്ടത്തിൽ വരുന്ന ആവശ്യം സുരക്ഷയാണ്. ഈ അടിസ്ഥാന ആവശ്യത്തിൽ പ്രധാനമായും വരുന്നത് തൊഴിൽ സുരക്ഷയാണ്.
ഇത്തരത്തിലുള്ള അഞ്ച് ആവശ്യങ്ങൾ മാസ്ലോയുടെ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആവശ്യങ്ങളെല്ലാം സാധിച്ചുകിട്ടുന്പോൾ മാത്രമായിരിക്കും ഒരാളിൽനിന്ന് അയാളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകുക.
സംസ്ഥാനത്തു വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്തുവരുന്ന പതിനാറായിരത്തോളം അധ്യാപകരുടെ കാര്യത്തിൽ മാസ്ലോ പറയുന്ന അടിസ്ഥാന ആവശ്യ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ള ശാരീരികം, തൊട്ടടുത്ത പടിയിലുള്ള സുരക്ഷ എന്നീ ആവശ്യങ്ങൾപോലും സാധിച്ചുകിട്ടുന്നില്ല എന്നുള്ളതു സത്യമാണ്. അങ്ങനെയൊരു സാഹചര്യത്തിലുള്ള അധ്യാപകർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കും പഠനനേട്ടങ്ങളിലേക്കും കുട്ടികളെ നയിക്കാൻ പറ്റുന്ന വിധത്തിൽ അധ്യാപനം നടത്താൻ കഴിയുമോയെന്ന് ന്യായമായും ആരും സംശയിച്ചേക്കാം.
ഇപ്പറഞ്ഞ പതിനാറായിരത്തോളം അധ്യാപകർ ഓരോ ദിവസവും 30-35 കുട്ടികൾ വീതമുള്ള പല ക്ലാസുകളിൽ പഠിപ്പിക്കുന്നവരാണ്. അങ്ങനെ നോക്കുന്പോഴാണ് എത്രയോ ലക്ഷം കുട്ടികളെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കു നയിക്കാനുള്ള ഭാരിച്ച ചുമതലയാണു ശന്പളം കൊടുക്കാതെ ദ്രോഹിക്കുന്ന ഈ അധ്യാപകരെ ഏൽപ്പിച്ചിരിക്കുന്നതെന്ന് മനസിലാകുക! വളരെ ഉത്കണ്ഠയോടുകൂടി മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു കാര്യമാണിത്.
എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയാം. ഇവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർഥികളോടുള്ള സ്നേഹ, വാത്സല്യത്തെ പ്രതി സ്വന്തം ക്ലേശങ്ങൾ സഹിച്ചുകൊണ്ടും പക്ഷപാതപരമായി സർക്കാർ നടത്തുന്ന ദ്രോഹപ്രവർത്തനങ്ങൾ മറന്നുകൊണ്ടും ഇപ്പോഴും ആത്മാർഥമായ അധ്യാപനശുശ്രൂഷ ചെയ്യുന്നുണ്ടാകും. അത്തരത്തിൽ സേവനം ചെയ്യുന്ന അധ്യാപകർ അവരുടെ വ്യക്തിപരമായ സ്വഭാവ വൈശിഷ്ട്യം പ്രകടിപ്പിക്കുകയാണ്. എങ്കിലും അള മുട്ടിയാൽ പിന്നീട് എന്താണു സംഭവിക്കുകയെന്ന് പറയാൻ കഴിയുകയുമില്ല.
ആത്മാർഥതക്കുറവുണ്ട്
ഗുണമേന്മയുള്ള സ്കൂൾവിദ്യാഭ്യാസത്തെയും പഠനനേട്ടങ്ങളെയും കുറിച്ചൊക്കെ സംസ്ഥാനത്തു വലിയ സംവാദങ്ങളും വാർത്തകളും ഉണ്ടാകുന്നുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിനായി സംസ്ഥാനസർക്കാരും വിദ്യാഭ്യാസവകുപ്പും ഏറെ ആത്മാർഥതയോടെ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നുണ്ട്. എങ്കിലും ഗുണമേന്മാവിദ്യാഭ്യാസത്തിനു നേതൃത്വം നൽകേണ്ട അധ്യാപകരിൽ നിരവധി പേർക്ക് അവരുടെ ഉപജീവനമാർഗമായ ശന്പളം യുക്തിരഹിതമായ തടസവാദങ്ങൾ ഉന്നയിച്ചുകൊണ്ട് നൽകാതിരിക്കാനുള്ള നടപടികൾ സർക്കാർ എടുക്കുന്നു! ഇക്കാര്യങ്ങളൊക്കെ കേൾക്കുകയും അറിയുകയും ചെയ്യുന്ന, സ്കൂൾവിദ്യാഭ്യാസത്തിൽ താത്പര്യമുള്ള നിരവധി ആളുകൾ ഇപ്പോൾ ഇങ്ങനെ പറയുന്നു: ഒരു വശത്തുകൂടി സർക്കാർ കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന പ്രചാരണം നടത്തുന്നു.
മറുവശത്തുകൂടി വിദ്യാഭ്യാസത്തിന്റെ നെടുംതൂണുകളായ അധ്യാപകരിൽ വളരെയേറെ പേരെ അകാരണമായി മാനസികമായും ശാരീരികമായും തളർത്തിക്കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ഗുണമേന്മാവിദ്യാഭ്യാസത്തിൽ സർക്കാരിനുള്ള ആത്മാർഥതയുടെ പൊള്ളത്തരം ഇതിൽനിന്നു തിരിച്ചറിയാൻ കഴിയുമെന്നും അവർ പറയുന്നു.
(സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്)