കെപിസിസി പുനഃസംഘടന : ലത്തീൻ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല
Monday, October 20, 2025 2:28 AM IST
കണ്ണൂർ: കെപിസിസി പുനഃസംഘടനയിൽ ലത്തീൻ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല.
കണ്ണൂർ ചേംബർ ഹാളിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമുദായ ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലബാർ മേഖലയിൽനിന്നും പ്രത്യേകിച്ച് കണ്ണൂരിൽനിന്നു ലത്തീൻ വിഭാഗത്തിലെ ആരെയും കെപിസിസി പുനഃസംഘടനയിൽ പരിഗണിക്കാതെ പോയി. നേരത്തേ കണ്ണൂരിൽനിന്ന് ഡിസിസി പ്രസിഡന്റും മെംബർമാരുമൊക്കെയുണ്ടായിരുന്നു. പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ കോൺഗ്രസ് ശ്രദ്ധ ചെലുത്തണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.
ജെബി കോശി കമ്മിഷൻ നടപ്പാക്കണമെന്ന ലത്തീൻസഭയുടെ ആവശ്യം ന്യായമാണെന്നും നടപ്പാക്കാൻ സമ്മർദം ചെലുത്തുമെന്നും തുടർന്ന് പ്രസംഗിച്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. എന്നാൽ കെപിസിസി പുനഃസംഘടനയിൽ പ്രാതിനിധ്യം നൽകാത്ത വിഷയത്തിൽ കെഎൽസിഎ യോഗത്തിൽ മറുപടി നൽകിയില്ല.