പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തിയ മുൻനിര കോർപ്പറേറ്റ് കമ്പനികൾക്കെതിരെ സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങി ഡെമോക്രാറ്റിക് പാർട്ടി. ആപ്പിൾ, മെറ്റ, ഇലോൺ മസ്കിന്റെ സ്ഥാപനങ്ങൾ എന്നിവയാണ് പ്രധാനമായും അന്വേഷണ പരിധിയിൽ വരുന്നത്.
ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ബോൾറൂം പദ്ധതിക്കായി ആപ്പിളും എൻവിഡിയയും 2.5 കോടി ഡോളർ (25 ദശലക്ഷം) വീതം സംഭാവന നൽകിയ സംഭവം അന്വേഷിക്കും. മൊത്തം 33.3 കോടി ഡോളറാണ് സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതിക്കായി സമാഹരിച്ചത്.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറിൽ നൽകിയതുമായി ബന്ധപ്പെട്ട നടപടികൾ, ഡാറ്റാ സെന്റർ വികസനത്തിനായി പ്രാദേശിക സർക്കാരുകളിൽ നിന്ന് നോൺ-ഡിസ്ക്ലോഷർ കരാറുകളിൽ ഒപ്പുവെപ്പിച്ചെന്ന റിപ്പോർട്ടുകൾ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടാനുള്ള സൈനിക നീക്കത്തിന്റെ പ്ലാനിംഗിനായി മസ്കിന്റെ 'ഗ്രോക്ക്' എഐ ചാറ്റ്ബോട്ട് ഉപയോഗിച്ചുവെന്ന ആരോപണം എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ട്.
സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താൽ കമ്പനികളോട് സംഭാവനാ വിവരങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു കഴിഞ്ഞു. വരും മാസങ്ങളിൽ കൂടുതൽ കമ്പനികൾക്ക് നോട്ടീസ് ലഭിച്ചേക്കും. ഡോണൾഡ് ട്രംപ് ജൂനിയറിന്റെ '1789 കാപ്പിറ്റൽ' എന്ന ഇൻവെസ്റ്റ്മെന്റ് ഫേം, മസ്കിന്റെ നേതൃത്വത്തിലുള്ള 'ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി' എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ കരാറുകളും അന്വേഷണ പരിധിയിലുണ്ട്.
Tags : DemocratsVictory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash