ബസിടിച്ച് മരിച്ച അക്ഷര
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് ജീവനക്കാരി അക്ഷരയുടെ മരണത്തിനിടയാക്കിയ ബസ് ഓടിച്ചിരുന്നത് മയക്കുമരുന്നു കേസ് പ്രതിയാണെന്നതു ഞെട്ടിപ്പിച്ചതായി ഹൈക്കോടതി.
എന്‍ഡിപിഎസ് കേസിലെ പ്രതിയായിരുന്നു ഡ്രൈവറെന്ന് കോടതിയില്‍ ഹാജരായ സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചപ്പോഴാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ പ്രതികരണം. മറ്റു കേസുകളും ഡ്രൈവര്‍ക്കെതിരേ ഉണ്ടായിരുന്നതായും വ്യക്തമാക്കി.
ജീവനു വില കല്പിക്കാതെ പായുന്ന ബസുകളെ ഉരുക്കുമുഷ്ടികൊണ്ടു നേരിടണമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ക്കു കോടതി നിര്‍ദേശം നല്കി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ അടക്കമുള്ളവരെ കൃത്യമായി നിയന്ത്രിക്കുന്നതിനായി അവരുടെ പശ്ചാത്തലമടക്കം രേഖപ്പെടുത്തുന്ന സ്മാര്‍ട്ട് ഐഡി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡിസിപി കോടതിയെ അറിയിച്ചു. ഇതിനോടകം 1300 ജീവനക്കാരെ പരിശോധിച്ചു. എന്നിട്ടും കാക്കനാട് അപകടത്തിനിരയാക്കിയ ഡ്രൈവറുടെ പശ്ചാത്തലം എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന് കോടതി ചോദിച്ചു. അതുണ്ടായിരുന്നെങ്കില്‍ ഒരു ജീവന് രക്ഷിക്കാനാകുമായിരുന്നു.
അപകടമുണ്ടാക്കുന്ന ബസുടമകള്ക്കെതിരേയും നടപടി വേണം. കാല്‍നടയാത്രക്കാര്‍ക്കു സ്ഥലമില്ല. കാക്കനാട്ടെ അപകടത്തിനിരയായ യുവതിക്ക് മാറിനില്ക്കാന് സ്ഥലമില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.
Tags : Akshara Death Kerala High Court Expresses Shock Driver Drug Related Bus Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash