കപിൽ സിബൽ എംപി (ഫയൽ ചിത്രം)
കൊച്ചി: ഭൂരിപക്ഷം ന്യൂനപക്ഷമായും ന്യൂനപക്ഷം ഭൂരിപക്ഷമായും മാറ്റിമറിക്കുന്ന കൂറുമാറ്റ കുതിരക്കച്ചവടങ്ങളിലൂടെ ജനവിധിയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് കപിൽ സിബൽ എംപി. കുതിരക്കച്ചവടം ജനാധിപത്യത്തെയും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെയും ദുർബലപ്പെടുത്തുന്നു.
ഭരണപരമായ എല്ലാ സംവിധാനങ്ങളെയും ജനവിധി അട്ടിമറിക്കാനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘കുതിരക്കച്ചവടവും ജനാധിപത്യവും’ എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു കപിൽ സിബൽ.
തെരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ടു മാത്രം ജനാധിപത്യ റിപ്പബ്ലിക് പൂർണമാകുന്നില്ല. ജനവിധി അട്ടിമറിക്കപ്പെടാതെ അടുത്ത തെരഞ്ഞെടുപ്പുവരെ സംരക്ഷിക്കപ്പെടുമ്പോഴാണ് അതു സാക്ഷാത്കരിക്കപ്പെടുന്നത്. രാഷ്ട്രീയ അവബോധം ജനങ്ങൾക്കുള്ളതിനാലാണു കേരളത്തിൽ ഇത്തരം കൂറുമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും അരങ്ങേറാത്തതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.സി. മോഹനൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. എൻ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : PoliticalHorseTrading Weakens Democracy KapilSibal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash