കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ.
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി വിട്ടു. പിണറായി വിജയനെതിരെയും എം.വി. ഗോവിന്ദനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചാണ് അദ്ദേഹം പാർട്ടിവിട്ടത്. കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് എസ്.ആർ. വിനയകുമാർ. പാർട്ടിയിൽ പിണറായി വിജയൻ മാത്രമേയുള്ളൂവെന്നും അടിമയായി പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
2009 മുതൽ സിപിഎം അംഗമായിരുന്ന താൻ പട്ടം ബ്രാഞ്ച് അംഗമായിരുന്നുവെന്നും നിലവിൽ അംഗത്വം പുതുക്കിയിട്ടില്ലെന്നും വിനയകുമാർ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ വിമർശനങ്ങൾക്ക് ഇടമില്ലാതായെന്നും നേതാക്കൾ പറയുന്ന കാര്യങ്ങൾ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ സിപിഎം ഇല്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത് സിപിഎം എന്നാൽ പിണറായി എന്നും പിണറായി എന്നാൽ സിപിഎം എന്നുമാണ്.
പാർട്ടിയിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. നേതാക്കൾ പറയുന്ന കാര്യങ്ങൾ മുഴുവൻ വിഴുങ്ങുന്ന നിലയാണുള്ളത്. വിമർശിക്കുന്നവർ വർഗവഞ്ചകരാകും. കുറേക്കാലമായി പിണറായി വിജയന്റെ കുടുംബത്തിനെതിരായ കേസുകളിൽ പ്രതിരോധം തീർക്കുക മാത്രമാണ് പാർട്ടിയിൽ നടക്കുന്നതെന്നും മറ്റ് പാർട്ടി പ്രവർത്തനങ്ങൾ സജീവമല്ലെന്നും അദ്ദേഹം ആരോപിച്ചു. പത്തുവർഷത്തെ ഭരണത്തിനുശേഷം പാർട്ടി ചരിത്രത്തിലില്ലാത്ത വിധം തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയിട്ടും തിരുത്തലുകൾക്ക് നേതൃത്വം തയ്യാറാകുന്നില്ലെന്നും വിമർശിച്ചു.
ഗോവിന്ദനും പിണറായി വിജയനും നിലപാടുകളിൽ മാറ്റം വരുത്താതെ പാർട്ടിക്ക് രക്ഷപ്പെടാനാകില്ല. തിരുത്തൽ നടപടികൾ ചർച്ച ചെയ്യാനിരുന്ന സംസ്ഥാന സമിതിക്ക് തൊട്ടുമുമ്പ് എം.വി. ഗോവിന്ദൻ വാർത്താസമ്മേളനം നടത്തി താനും പിണറായി വിജയനും മാറുന്നില്ലെന്ന് വ്യക്തമാക്കിയതും വിനയകുമാർ ചോദ്യം ചെയ്തു. വിപുലീകരിച്ച ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് സ്തുതിപാഠകരെയാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം നേതാക്കൾ അണികളുടെ മേൽ ചുമത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags : KodiyeriBalakrishnan S.R.Vinayakumar CPMPolitics KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews