ഇവരെ സെൻസർബോർഡിൽനിന്ന് നീക്കണം
Monday, July 14, 2025 12:26 AM IST
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കാൻ കാരണം ജാനകി എന്ന പേര് രാമായണത്തിലെ സീതയുടെ പര്യായപദമാണെന്നും ആ പേര് ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നുള്ളതുകൊണ്ടാണെന്നുള്ള സെൻസർബോർഡിന്റെ വിചിത്രമായ വാദം കേട്ടപ്പോൾ ഓർമവന്നത് 1973ൽ എം.ടി. വാസുദേവൻനായർ തിരക്കഥയും സംവിധാനവും നിർവഹിച്ചു പുറത്തിറക്കിയ നിർമ്മാല്യം എന്ന സിനിമയായിരുന്നു. അതിന്റെ അവസാനത്തിൽ വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ. ആന്റണി എന്ന നടൻ സ്വന്തം തല വാളുകൊണ്ട് വെട്ടിപ്പിളർന്ന ചോര കവിൾകൊണ്ട്, ഭഗവതിയുടെ മുഖത്തേക്ക് ആഞ്ഞുതുപ്പുന്ന ഒരു സീനുണ്ട്. അത് ഇന്നായിരുന്നെങ്കിലോ! മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു പറഞ്ഞ് അതിന്റെ കടയ്ക്കലും ഇതുപോലെ ഇവർ കത്തി വയ്ക്കില്ലേ? സിനിമയെ സിനിമയായി കാണാൻ കഴിയാത്ത ഇവരെയൊക്കെ സെൻസർ ബോർഡിലിരുത്തിയാൽ ഇനിയും ഇത്തരം പേരുകളുള്ള സിനിമകളുടെ കടയ്ക്കൽ ഇവർ കത്തിവയ്ക്കും. അത്രയ്ക്കും മതവും ജാതിയുമാണ് ഇവരുടെ മനസിനുള്ളിൽ. അതുകൊണ്ട് ഇവരെ സെൻസർബോർഡിൽനിന്ന് നീക്കണം. എന്നാലേ പുരാണങ്ങളുടെ പേരുകളുള്ള സിനിമകൾ പുറത്തിറങ്ങുകയുള്ളൂ.
കണ്ണോളി സുനിൽ,തേലപ്പിള്ളി