ശിക്ഷാ ഇളവിന് കോടതിയുടെ അംഗീകാരവും അനിവാര്യമാക്കണം
Monday, July 14, 2025 12:27 AM IST
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവിനു ഗവർണറുടെ അനുമതി ലഭിച്ചതായി കണ്ടു. ഇതിനുമുമ്പും ഉന്നതരുടെ കൈത്താങ്ങിൽ ഇളവിന് ശ്രമിച്ചിരുന്നെങ്കിലും സമൂഹത്തിൽനിന്നുമുയർന്ന പ്രതിഷേധങ്ങൾ അതിന് വിലങ്ങുതടിയായി നിന്നു. ഇവർക്ക് വഴിവിട്ട്, ഒട്ടേറെ മാസങ്ങൾ നീണ്ട പരോൾ കിട്ടിയതായി കണ്ടു. എത്ര ക്രൂരകൃത്യം ചെയ്താലും ഉന്നതങ്ങളിൽ പിടിപാടുണ്ടങ്കിൽ ജയിൽ മോചനം എളുപ്പം. ഉന്നതങ്ങളിലുള്ള പിടിപാടിന്റെ ഹുങ്കാണ് ജയിലിനകത്ത് അവർ ഉണ്ടാക്കിയിരുന്ന ഗുണ്ടായിസം. കുറ്റത്തിന്റെ കാഠിന്യം നോക്കി വിധി പ്രഖ്യാപിച്ച കോടതിയുടെ തീർപ്പിലെ ഇളവിനായി കോടതികൂടി അംഗീകരിക്കുന്നതാണ് ഉചിതം. കുറ്റമുക്തമാക്കാനുള്ള ഫയൽ കോടതിയിൽകൂടി വേണം ഗവർണറുടെ പക്കൽ എത്താൻ എന്നത് ഒരു നീതിയുടെ ഭാഗം കൂടിയാണ്.
കാവല്ലൂർ ഗംഗാധരൻ ഇരിങ്ങാലക്കുട