വെഞ്ഞാറമൂട്: ആസന്നമായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വാമനപുരം ബ്ലോക്കില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികൾ. ഭരണം നില നിര്‍ത്താനാണ് എല്‍ഡിഎഫിന്റെ ശ്രമമെങ്കില്‍ തിരിച്ചു പിടിക്കുകയാണ് യുഡിഎഫിന്റെ അജണ്ട. ബ്ലോക്കില്‍ നാളിതുവരെ ഒരാളെ പോലും ജയിപ്പിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം തീര്‍ക്കലാണ് ബിജെപി ലക്ഷ്യം. രാഷ്ടീയ വിഷയങ്ങള്‍ക്കുപരി സ്ഥാനാര്‍ഥി മികവ് ജയപരാജയങ്ങള്‍ നിര്ണയിക്കുമെന്നുള്ളത് കൊണ്ട് തന്നെ ഏറ്റവും സ്വീകാര്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കുകയാണ് മുന്ന് മുന്നണികളും.
സംസ്ഥാനത്തു തന്നെ വിസ്തൃതിയില്‍ ഏറ്റവും ഒന്നാമത്തേതാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത്. 1954ല്‍ ആണ് രൂപികൃതമായത്. പഞ്ചായത്ത് രാജ് സബ്രദായം നിലവില്‍ വന്ന 1994 വരെ ബ്ലോക്ക് വികസന സമിതികളാണ് ഭരണം നിര്‍വ്വഹിച്ച് പോന്നിരുന്നത്. 1994 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കായിരുന്നു വിജയം. തുടര്‍ന്നിങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇരു മുന്നണികളും മാറിമാറിയായിരുന്നു ഭരണം.
ഇതു കൊണ്ടു തന്നെ ഒരു മുന്നണിക്കും വ്യക്തമായ മേധാവിത്വം അവകാശപ്പെടാനില്ലാത്ത ബ്ലോക്ക് പഞ്ചായത്തെന്നാണ് വാമനപുരത്തെ വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഇടതു മുന്നണിയാണ് ഭരണം നടത്തി കൊണ്ടിക്കുന്നത്. 15 അംഗ ഭരണ സമിതിയില്‍ ഇടതു മുന്നണിക്ക് എട്ടും ഐക്യ ജനാധിപത്യമുന്നണിക്ക് ഏഴ് അംഗങ്ങളുമാണുള്ളത്. വെഞ്ഞാറമൂട്, കല്ലറ, പാലോട് എന്നിങ്ങനെയുള്ള ജില്ലാ ഡിവിഷനുകളില്‍ മൂന്നിലും ഇടതു മുന്നണി പ്രതിനിധികളാണുള്ളത്.
ബ്ലോക്ക് പരിധിയിലുള്ള നെല്ലനാട്, വാമനപുരം, മാണിക്കല്‍, പുല്ലമ്പാറ, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല എന്നീ പഞ്ചായത്തുകളില്‍ നെല്ലനാട്, കല്ലറ, പാങ്ങോട് എന്നിവിടങ്ങളില്‍ യുഡിഎഫിനാണ് ഭരണം.
പെരിങ്ങമ്മല, നന്ദിയോട്, പുല്ലമ്പാറ, വാമനപുരം, മാണിക്കല്‍ എന്നിവിടങ്ങില്‍ എല്‍ഡിഎഫും ഭരിക്കുന്നു. ഇടതു മുന്നണിയില്‍പ്പെട്ട സിപിഐക്ക് ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും ചെറുതല്ലാത്ത സ്വാധീനമുണ്ട് .കല്ലറ, പാങ്ങോട് പെരിങ്ങമ്മല പഞ്ചായത്തുകളില്‍ എസ്ഡിഡിപിഐക്കും വെല്‍ഫയര്‍ പാര്‍ട്ടിക്കും ശക്തി കേന്ദ്രങ്ങളുണ്ട്. ജില്ലയില്‍ മുസ്ലിം ലീഗിന് സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ കല്ലറ, പാങ്ങോട്, പെരിങ്ങമ്മല എന്നിവ വാമനപുരം ബ്ലോക്ക് പരിധിയിലാണന്നുള്ളതെന്ന പ്രത്യേകതയുമുണ്ട്. വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതെങ്കില്‍, സ്വര്‍ണക്കള്ളക്കടത്ത്, സ്പ്രിങ്ക്ളര്‍, വിഷയവും മറ്റ് അഴുമതിക്കേസുകളും മറ്റുമായിരിക്കും യുഡിഎഫ് പ്രചരാണായുധമാക്കുക.