മലപ്പുറം: ഫെബ്രുവരിയിൽ മലപ്പുറത്തും മഞ്ചേരിയിലും ആരംഭിക്കുന്ന 75 -ാമത് സന്തോഷ് ട്രോഫിയുടെ പ്രചരണാർഥം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂണിയർ, സബ് ജൂണിയർ താരങ്ങളെയും ഉൾപ്പെടുത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കും. ഇതുസംബന്ധിച്ചു ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഓഫീസിലും മഞ്ചേരി കോസ്മോപൊളിറ്റൻ ക്ലബിലും ചേർന്ന സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പബ്ലിസിറ്റി ആൻഡ് സ്പോണ്‍സർഷിപ്പ് കമ്മിറ്റി, മീഡിയ കമ്മിറ്റി, മെഡിക്കൽ കമ്മിറ്റി, ആരോഗ്യസംരക്ഷണ കമ്മിറ്റി എന്നിവയാണ് ചേർന്നത്. ചാന്പ്യൻഷിപ്പുമായി ബന്ധപ്പെടുത്തി പ്രമോവീഡിയോ, തീം സോംഗ്, ലക്ഷം ഗോൾ പരിപാടി എന്നിവയും സംഘടിപ്പിക്കും. ചാന്പ്യൻഷിപ്പിനാവശ്യമായ ആംബുലൻസുകൾ ജില്ലയിലെയും സമീപ ജില്ലയിലെയും സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കണ്ടെത്താമെന്നു ഡെപ്യൂട്ടി ഡിഎംഒയുടെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു, ഡോ. അഹമ്മദ് അഫ്സൽ (ഡെപ്യൂട്ടി ഡിഎംഒ), ഡോ. എം.എസ്. രാമകൃഷ്ണൻ, ഡോ. ജോണി ചെറിയാൻ, ഡോ. അബുസബാഹ്, ജയകൃഷ്ണൻ, ഡോ. എ.കെ. മുനീബ്, കെ.പി. അനിൽ, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് ഷംസു, മഞ്ചേരി പ്രസ് ക്ലബ് പ്രസിഡന്റ് എ. ശശികുമാർ, സെക്രട്ടറി അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.