ഏലംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്നുക്ഷാമം
Wednesday, April 8, 2020 11:25 PM IST
ഏലംകുളം: ഏലംകുളം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണം കുടംബാരോഗ്യ കേന്ദ്രത്തിൽ കൊറോണ കാലത്തു പോലും കടുത്ത മരുന്നു ക്ഷാമം നേരിടുന്നു. ജീവിതശൈലി രോഗികൾ സ്ഥിരം കഴിക്കുന്ന മരുന്നുകൾ പോലും ഇവിടെ ലഭ്യമല്ല. പഞ്ചായത്തിൽ ഒന്പതു വൃക്ക മാറ്റിവച്ച രോഗികൾ നിലവിലുണ്ട്. ഇവർ മുടങ്ങാതെ കഴിക്കേണ്ട ജീവൻ രക്ഷാമരുന്നുകൾ എത്തിക്കാൻ ശ്രമം ഉണ്ടായിട്ടില്ല.
കോവിഡ് 19ന്‍റെ പ്രതിരോധത്തിനു ആരോഗ്യ പ്രവർത്തകർക്കാവശ്യമായ ഗ്ലൗസ്, മാസ്ക്ക്, സാനിറ്റൈസർ എന്നിവ പോലും നൽകുവാൻ പഞ്ചായത്തിനു കഴിഞ്ഞിട്ടില്ലെന്നു യുഡിഎഫ് ആരോപിച്ചു. മരുന്നുകൾ അർഹരായവർക്കു ഉടൻ ലഭ്യമാക്കാൻ എലംകുളം പഞ്ചായത്ത് തയാറാകണമെന്നു യുഡിഎഫ് ഏലംകുളം കമ്മിറ്റി ചെയർമാൻ പികെ.കേശവൻ, കണ്‍വീനർ നാലകത്ത് ഷൗക്കത്ത് തുടങ്ങിയവർ ആവശ്യപ്പെട്ടു.