കാസര്‍ഗോഡ്: രണ്ടുവര്‍ഷത്തിനുശേഷം കൃത്യസമയത്ത് സ്കൂള്‍ തുറക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിനൊപ്പം വരുന്ന രണ്ടാഴ്ച സ്കൂളുകളില്‍ അഭിമുഖപ്പൂരമാകും. ഹയര്‍ സെക്കന്‍ഡറിക്കും ഹൈസ്കൂളിനുമൊപ്പം ഇത്തവണ ജില്ലയില്‍ എല്‍പി, യുപി വിഭാഗങ്ങളിലടക്കം അധ്യാപക ഒഴിവുകള്‍ നിരവധിയാണ്. ഹൈസ്കൂള്‍ വിഭാഗത്തിലെ ഭൗതികശാസ്ത്രത്തിന് മാത്രമാണ് പിഎസ് സി റാങ്ക് പട്ടിക നിലവിലുള്ളത്. മറ്റെല്ലാ വിഷയങ്ങൾക്കും അതിഥി അധ്യാപകര്‍ തന്നെയാകും ശരണം.
ഹൈസ്കൂള്‍ വരെയുള്ള വിഭാഗങ്ങളില്‍ മാത്രം ജില്ലയിലാകെ 594 ഒഴിവുകളാണ് ഇതിനകം കണക്കാക്കപ്പെട്ടിട്ടുള്ളത്. ഒഴിവുകള്‍ തസ്തിക, മലയാളം മീഡിയം, കന്നഡ മീഡിയം എന്ന ക്രമത്തില്‍: എല്‍പി സ്കൂള്‍ അസിസ്റ്റന്റ് (223, 32), യുപി സ്കൂള്‍ അസിസ്റ്റന്റ് (187, 13), ഹൈസ്കൂള്‍ വിഭാഗം ഭൗതികശാസ്ത്രം (21, 7), ഗണിതം (27, 10), സാമൂഹ്യശാസ്ത്രം (7, 10), പ്രകൃതിശാസ്ത്രം (8, 2), ഇംഗ്ലീഷ് (10), മലയാളം (28), കന്നഡ (9). ഇതോടൊപ്പം പുതുതായി ഉണ്ടാകുന്ന ഒഴിവുകളും അവധിയെടുത്തു പോകുന്നതും ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് വിഭാഗങ്ങളിലെ ഒഴിവുകളും ചേരുമ്പോള്‍ എണ്ണം ആയിരത്തോളമാകും.
കണക്കാക്കപ്പെട്ട ഒഴിവുകളെല്ലാം പിഎസ്സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും റാങ്ക് പട്ടിക നിലവിലുള്ള ഭൗതികശാസ്ത്രം മലയാളം മീഡിയത്തില്‍ മാത്രമാണ് തത്കാലം നിയമനസാധ്യതയുള്ളത്. കോവിഡ് സാഹചര്യത്തില്‍ പിഎസ്സി നിയമന നടപടികളിലുണ്ടായ കാലതാമസമാണ് മറ്റൊരു തസ്തികയിലും റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത അവസ്ഥയിലെത്തിച്ചത്. എല്‍പി, യുപി അസിസ്റ്റന്റ് തസ്തികകളില്‍ പഴയ റാങ്ക് ലിസ്റ്റില്‍നിന്നും മെയിന്‍ ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം ലഭിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത് താത്കാലിക നിയമനങ്ങള്‍ നടത്താറുണ്ടായിരുന്നു. അതാകുമ്പോള്‍ യോഗ്യതയും രജിസ്റ്റര്‍ ചെയ്തതിന്റെ സീനിയോറിറ്റിയും പ്രകാരം ഏറെക്കുറെ ക്രമമായിത്തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതത് സ്കൂളുകള്‍ അഭിമുഖം നടത്തി താത്കാലിക നിയമനങ്ങള്‍ നടത്തുന്ന രീതിയാണ് കൈക്കൊള്ളുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും പിടിഎയുടെയും രാഷ്ട്രീയമുള്‍പ്പെടെയുള്ള ഘടകങ്ങളും വ്യക്തിബന്ധങ്ങളും ഇത്തരം നിയമനങ്ങളെ സ്വാധീനിക്കുന്നതായ ആരോപണങ്ങളും പലപ്പോഴും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
വരുന്ന രണ്ടാഴ്ചകളില്‍ മിക്കവാറും എല്ലാ സ്കൂളുകളിലും ഒരേ സമയത്ത് അഭിമുഖങ്ങളുടെ തിരക്കാകുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ ഒരേ സമയം പലയിടങ്ങളില്‍ ഓടിയെത്തേണ്ടിവരുന്ന അവസ്ഥയാകും. മിക്കവരും ഏറ്റവുമടുത്തുള്ള രണ്ടോ മൂന്നോ സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് തൃപ്തിപ്പെടേണ്ടിവരും.
നഗരപ്രദേശങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ തിരക്കേറുമ്പോള്‍ അര്‍ഹരായ പലര്‍ക്കും അവസരം ലഭിക്കാതാകുന്ന നിലയാകും. അതേസമയം താരതമ്യേന വിദൂര സ്ഥലങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത അവസ്ഥയുമുണ്ടായേക്കാം. ഈ അവസ്ഥ മുന്‍കൂട്ടി കണ്ട് കാലേകൂട്ടി സീറ്റുറപ്പിച്ച് മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിലെ വിദൂരസ്ഥലങ്ങളിലേക്ക് വണ്ടികയറുന്നവരുമുണ്ട്.
എന്തായാലും പുത്തനുടുപ്പും പുസ്തകങ്ങളുമായി സ്കൂളിലെത്തിയാലും പുതിയ ടീച്ചര്‍ വരുന്നതുംകാത്ത് രണ്ടാഴ്ചയെങ്കിലും ഇരിക്കേണ്ട അവസ്ഥയിലായിരിക്കും നല്ലൊരു വിഭാഗം കുട്ടികള്‍.