നീലേശ്വരത്തെ പുതിയ ബസ് സ്റ്റാൻഡ് രണ്ടുമാസത്തിനകം
1549116
Friday, May 9, 2025 2:23 AM IST
നീലേശ്വരം: തുടക്കത്തിലെ മെല്ലെപ്പോക്കിനൊടുവിൽ വേഗംവച്ച നീലേശ്വരത്തെ പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക്.
കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികൾക്ക് കഴിഞ്ഞ ദിവസം സർക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചതോടെ ടെൻഡർ നടപടികൾ തുടങ്ങി. തുടർന്ന് ടൈൽസ്, സാനിറ്ററി പ്രവൃത്തികളും പെയിന്റിംഗും പൂർത്തിയാക്കി രണ്ടുമാസത്തിനകം ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
പഴയ ബസ് സ്റ്റാൻഡ് കെട്ടിടം ഉണ്ടായിരുന്ന സ്ഥലത്തിനും രാജാറോഡിനും അഭിമുഖമായാണ് 10 കോടി രൂപ ചെലവിൽ നാലു നിലകളുള്ള പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ 16 കടമുറികളും ഒന്നാംനിലയില്‍ 28 കടമുറികളും രണ്ടാംനിലയില്‍ 10 കടമുറികളും ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള എഴ് മുറികളുമാണ് കെട്ടിടത്തിലുള്ളത്.
മുകളിൽ 8000 ചതുരശ്ര അടി വിസ്തീർണമുള്ള കോൺഫറൻസ് ഹാളുമുണ്ട്. ഒരേസമയം 20 ബസുകൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. ഇതിനു സമീപത്തായി ഓട്ടോറിക്ഷകൾക്കുള്ള പാർക്കിംഗ് സൗകര്യവും ഒരുക്കും.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കാറുകൾക്കും മറ്റു സ്വകാര്യ വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യമൊരുക്കും.