ഇരുചക്രവാഹനങ്ങൾ മുതൽ ലൈൻ ബസുകൾ വരെ; ദേശീയപാതയുടെ സർവീസ് റോഡുകളിൽ തിരക്കേറും
1548550
Wednesday, May 7, 2025 2:06 AM IST
കാസർഗോഡ്: ഉദ്ഘാടനത്തിനൊരുങ്ങുന്ന പുതിയ ആറുവരി ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ലെന്ന കാര്യം ഏതാണ്ടുറപ്പായി. ഇരുവശങ്ങളിലേക്കുമുള്ള മൂന്നുവരിപ്പാതയിൽ ഇരുചക്രവാഹനങ്ങൾക്കായി പ്രത്യേക ട്രാക്ക് കൂടി അനുവദിക്കാനുള്ള സ്ഥലമില്ലാത്തതിനാൽ അവ സർവീസ് റോഡുകൾ ഉപയോഗിച്ചാൽ മതിയെന്നാണ് ദേശീയപാത അഥോറിറ്റിയുടെ നിലപാട്. എന്നാൽ പാലങ്ങളിൽ സർവീസ് റോഡുകളില്ലാത്തതിനാൽ അവിടങ്ങളിൽ മാത്രം ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ഇരുചക്രവാഹനങ്ങളെ അനുവദിക്കും.
രാജ്യത്തെ എക്സ്പ്രസ് ഹൈവേകളിലൊന്നും ഇരുചക്രവാഹനങ്ങളെ അനുവദിക്കാറില്ല. കൂടിയ വേഗതയിൽ വാഹനങ്ങളോടിക്കാൻ അനുമതിയുള്ള പാതകളിൽ ഇരുചക്രവാഹനങ്ങളുടെ സാന്നിധ്യം അപകടസാധ്യത വർധിപ്പിക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്. അതേസമയം കന്യാകുമാരിയിൽ നിന്ന് കാഷ്മീരിലേക്കും മറ്റും സാഹസിക ബൈക്ക് യാത്രകൾ നടത്തുന്നവർക്ക് മുൻകൂർ അപേക്ഷകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അനുമതി നല്കിയേക്കും. ഇവർ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കുന്നുണ്ടെന്ന കാര്യവും ഉറപ്പുവരുത്തും.
സർവീസ് റോഡുകളിലും ഇരുചക്രവാഹനങ്ങൾക്കായി പ്രത്യേക ട്രാക്ക് അനുവദിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ 60 മീറ്റർ വീതിയിൽ നിർമിച്ച പുതിയ ദേശീയപാത കേരളത്തിൽ 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോൾ ഏറ്റവുമധികം ഞെരുങ്ങിയത് സർവീസ് റോഡുകളാണ്. സർവീസ് റോഡുകളിൽ ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിക്കാമെന്നതാണ് ദേശീയപാത അഥോറിറ്റിയുടെ പൊതുവേയുള്ള ചട്ടമെങ്കിലും സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഒറ്റവരി ഗതാഗതം മാത്രം സാധ്യമാകുന്ന വീതിയിലാണ് സർവീസ് റോഡുകൾ നിർമിച്ചിട്ടുള്ളത്. ഇരുചക്രവാഹനങ്ങൾ മുതൽ സ്റ്റോപ്പുകളിൽ ആളെയിറക്കാനെത്തുന്ന ലൈൻ ബസുകൾ വരെ ഇതുവഴിയാണ് പോകേണ്ടിവരിക.
ഓട്ടോറിക്ഷകൾക്ക് ദേശീയപാതയിൽ പ്രവേശിക്കാൻ വിലക്കില്ലെങ്കിലും പൊതുവേ ഹ്രസ്വദൂര യാത്രകൾ നടത്തുമ്പോൾ സർവീസ് റോഡുകളിലൂടെ തന്നെ പോകേണ്ടിവരും. ബസുകൾക്ക് പൊതുവേ ദേശീയപാതയിലൂടെ പോകാമെങ്കിലും സ്റ്റോപ്പുകളിൽ ആളെയിറക്കാനും കയറ്റാനും മിക്കയിടങ്ങളിലും സർവീസ് റോഡുകളിൽ പ്രവേശിക്കേണ്ടിവരും. പുതിയ ദേശീയപാതയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നത് സർവീസ് റോഡുകളോടു ചേർന്നാണ്. ഹ്രസ്വദൂര ബസുകൾക്ക് പലപ്പോഴും സർവീസ് റോഡുകളിലൂടെ തന്നെയാകും പോകേണ്ടിവരിക.
പാതയോരത്തെ കടകളിലും വീടുകളിലും സാധനങ്ങൾ ഇറക്കാനെത്തുന്ന കണ്ടയ്നർ ലോറികൾ മുതൽ പാഴ്സൽ വാനുകൾ വരെയുള്ള വാഹനങ്ങൾക്കും ടിപ്പർ ലോറികൾക്കുമെല്ലാം ദേശീയപാതയിൽ നിന്നിറങ്ങി സർവീസ് റോഡുകളിലൂടെ സഞ്ചരിക്കേണ്ടിവരും. കാറുകളടക്കമുള്ള സ്വകാര്യ വാഹനങ്ങൾക്കും ദേശീയപാതയിൽ നിന്ന് മറ്റു വഴികളിലേക്ക് തിരിയണമെങ്കിൽ കുറച്ചുദൂരമെങ്കിലും സർവീസ് റോഡുകളിലൂടെ പോകേണ്ടിവരും.
ഇത്രയേറെ വാഹനങ്ങളുടെ തിരക്ക് താങ്ങാൻ ഒറ്റവരി സർവീസ് റോഡുകൾക്ക് കഴിയുമോ എന്ന ചോദ്യം ഇപ്പോൾതന്നെ പലയിടങ്ങളിലും ഉയർന്നുകഴിഞ്ഞു. സ്കൂൾകുട്ടികളടക്കമുള്ളവരുടെ സൈക്കിളുകളുടെയും ബസ് കയറാനും ഇറങ്ങാനും എത്തുന്നവരുടെയും കാൽനടയാത്രക്കാരുടെയും തിരക്ക് ഇതിനു പുറമേയും.
പാലങ്ങളിലെത്തുമ്പോൾ സർവീസ് റോഡുകളിലെ വാഹനങ്ങളെല്ലാം ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടിവരുന്നത് കൂടുതൽ ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും വഴിവെക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ജില്ലയിൽ പലയിടങ്ങളിലും രണ്ടുവരിയിൽ മാത്രം ഗതാഗതം സാധ്യമാകുന്ന പഴയ പാലങ്ങൾ അതേപടി നിലനിർത്തിയിരിക്കുകയാണ്. പുതിയ ദേശീയപാതയിലൂടെ സാമാന്യം വേഗതയിൽ മൂന്നുവരിയായെത്തുന്ന വാഹനങ്ങൾ പാലങ്ങളിലെത്തുമ്പോൾ പെട്ടെന്ന് രണ്ടുവരിയിലേക്ക് ചുരുങ്ങേണ്ടിവരുന്നതിനൊപ്പമാണ് സർവീസ് റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ കൂടി ഇതിനിടയിലെത്തുന്നത്.
പാലങ്ങളുടെ കാര്യത്തിൽ സുരക്ഷാ സംവിധാനങ്ങളും വേഗത നിയന്ത്രിക്കാനുള്ള ഉപാധികളും സ്ഥാപിക്കുകയല്ലാതെ തത്കാലം മറ്റൊന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. എന്നാൽ സർവീസ് റോഡുകളുടെ വീതി രണ്ടുവരി ഗതാഗതമെങ്കിലും സാധ്യമാകുന്ന തരത്തിൽ കൂട്ടണമെന്ന ആവശ്യം ഇപ്പോൾതന്നെ പലയിടങ്ങളിലും ഉയർന്നുകഴിഞ്ഞു.
ദേശീയപാതയുടെ ആദ്യറീച്ച് ഏതാണ്ട് പൂർത്തിയായ കുമ്പള, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിലും കാസർഗോഡ് നഗരസഭയിലും ഈ ആവശ്യം ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ഇടപെട്ട് പാതയോരത്ത് കൂടുതൽ ഭൂമി ഏറ്റെടുത്ത് സർവീസ് റോഡുകളുടെ വീതി കൂട്ടണമെന്നാണ് ആവശ്യം. പുതിയ ദേശീയപാത പൂർത്തിയാകുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ ഈ ആവശ്യം ഉയർന്നുവരാനാണ് സാധ്യത.