പെൺകരുത്തായി ഡ്രീംസ് ഗേൾസ് ഫുട്ബോൾ അക്കാദമി; വനിത ടൂർണമെന്റ് എട്ടിന് തുടങ്ങും
1548264
Tuesday, May 6, 2025 2:28 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ വനിതാ ഫുട്ബോളിന്റെ കരുത്തായി മാറുകയാണ് ഡ്രീംസ് ഗേൾസ് ഫുട്ബോൾ അക്കാദമി. കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന അക്കാദമിയിൽ 60ൽ പരം പെൺകുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകി വരികയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ, സംസ്ഥാന, ദേശീയ, സ്കൂൾ ഫുട്ബോൾ ടൂർണമെന്റുകളിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ ചുരുങ്ങിയ കാലയളവിൽ ഡ്രീംസ് അക്കാദമിയിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ടീമിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശിവനന്ദ തമ്പാൻ, ദേശീയ സ്കൂൾസ് ഫുട്ബോൾ മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന്റെ ഗോൾ വലയം കാത്ത ഇഷിത, സ്ട്രൈക്കർ അനന്യ തുടങ്ങിയവർ ഡ്രീംസിന്റെ അഭിമാന താരങ്ങളാണ്.
സ്പോർട്സ് ഡിവിഷനും സ്പോർട്സ് സ്കൂളുകളിലുമായി ഡ്രീംസിലെ ആറ് പേർ നിലവിൽ യോഗ്യത നേടിയിട്ടുണ്ട്. അക്കാദമിയുടെ മൂന്നാം വാർഷികാഘോഷവും വനിതാ ഫുട്ബോൾ ടൂർണമെന്റും എട്ടു മുതൽ 11 വരെ തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും.
നളെ വൈകുന്നേരം അഞ്ചിന് വാർഷികാഘോഷ മുന്നോടിയായി വിളംബര ഘോഷാത്ര നടക്കും.
തങ്കയം മുക്കിൽ ചന്തേര പോലീസ് ഇൻസ്പെക്ടർ കെ.പ്രശാന്ത് ഫ്ളാഗ് ഓഫ് ചെയ്യുന്ന വിളംബര ഘോഷാത്രയും ചന്തേര ജനമൈത്രി പോലീസ് സ്റ്റേഷന്റെയും ഉദിനൂർ ജിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസിന്റെയും സഹകരണത്തോടെ ലഹരി വിരുദ്ധ പ്രതിജ്ഞയും ഗോൾ ചലഞ്ചും നടക്കും.
രണ്ടു വിഭാഗങ്ങളിലായാണ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്. 13 വയസിൽ താഴെയുള്ളതും സീനിയർ വിഭാഗത്തിൽ കർണാടക, കേരള സംസ്ഥാനങ്ങളിൽ നിന്നായി എട്ട് ടീമുകൾ മാറ്റുരക്കും.
എല്ലാ ദിവസവും രാവിലെ എട്ടു മുതലും വൈകുന്നേരം നാലു മുതലും പെൺകുട്ടികളുടെ മൽസരങ്ങൾ നടക്കും.
11നു വൈകുന്നേരം രണ്ട് വിഭാഗങ്ങിലെയും ഫൈനൽ മത്സരങ്ങൾ നടക്കും. അതിനു ശേഷം ഡ്രീംസ് കുടുംബാംഗങ്ങളുടെ സംഗമം വെള്ളാപ്പ് ടർഫിൽ നടക്കും.
പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം.മനേഷ് കുമാർ, ജനറൽ കൺവീനർ വി.എം.മകേഷ്, ഡ്രീംസ് അക്കാദമി പ്രസിഡന്റ് ഡോ.വി.രാജീവൻ, സെക്രട്ടറി രാജേഷ് മാപ്പിടിച്ചേരി, ട്രഷറർ ഇ.അജേഷ്, ടീം പരിശീലകൻ വി.വി.ഗണേശൻ, നിഖില രാജേഷ് എന്നിവർ പങ്കെടുത്തു.