നൃത്തവേദിയുടെ മനം കവർന്ന് നിതാര
1548555
Wednesday, May 7, 2025 2:06 AM IST
പെരിയ: ഗോകുലം ഗോശാലയിൽ നടന്നുവരുന്ന വൈശാഖനടനം ദേശീയ നൃത്തോത്സവത്തിൽ വേദിയുടെയും സദസ്സിന്റെയും മനസ് കവർന്ന് ദുബായിൽ നിന്നെത്തിയ പതിനൊന്നുകാരി നിതാരയുടെ ഭരതനാട്യം. നൃത്താധ്യാപിക പൂജാ ഉണ്ണിക്കൊപ്പമെത്തിയ നിതാര ഭാവാഭിനയത്തിലും ചുവടുകളിലും പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ശ്രീലത നിക്ഷിത്തിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ നിന്നുള്ള നടനതരംഗിണി സംഘം അവതരിപ്പിച്ച കാമധേനുവൈഭവം എന്ന നൃത്തസംഗീത നാടകവും ശ്രദ്ധേയമായി. ഇന്നലെ അമൃത വാസുദേവൻ, എസ്.മാനസ, അനിന്ദിത കുളൂർ, സുപ്രിയ ശിവരുദ്രപ്പ ബംഗളൂരു, വിധാത്രി ഭട്ട് മംഗളൂരു, വാണി അനീഷ് കാക്കനാട്, മഞ്ജു വി.നായർ, ലിബിൻ ബെന്നി, നവ്യ ഭട്ട് എന്നിവരും വിവിധ നൃത്തസംഘങ്ങളും ഭരതനാട്യവും അശ്വിനി നമ്പ്യാർ കുച്ചുപ്പുടിയും മുംബൈ ഐശ്വര്യ ഹരീഷ് ഭരതനൃത്യവും ഗുരുവായൂർ ഗംഗാമൃതം സംഘം തിരുവാതിരയും അവതരിപ്പിച്ചു.
ജില്ലയിലെ മുതിർന്ന നൃത്താധ്യാപകനായ നീലേശ്വരം രാജു മാസ്റ്ററെ ആദരിച്ചു. ഇന്ന് എം.സ്ഫൂർത്തി, എം.പ്രീതി, മമത പൈ ബംഗളൂരു, ചൈത്ര അരവിന്ദും സംഘവും, അനുശ്രീ, ശ്രവ്യ ബംഗളൂരു, മാളവിക, ശ്രുതി നൃത്തവിദ്യാലയം, വാഗേയ നൃത്തവിദ്യാലയം, ഗോപിക ഗോവിന്ദ്, വൈഷ്ണവി മുകുന്ദ്, അനഘ ഭട്ട്, മിഹിര ഭട്ട്, ദേവിക സജീവൻ, രാധിക കല്ലൂരായ, മധുചന്ദ്ര എന്നിവർ ഭരതനാട്യം അവതരിപ്പിക്കും. ബിന്ദു മാരാരുടെ ശിക്ഷണത്തിലുള്ള ക്ഷേത്രകലാ അക്കാദമിയുടെ മോഹിനിയാട്ടവും അഞ്ജന ആനന്ദിന്റെ കുച്ചുപ്പുടിയും ഉണ്ടാകും.