ഇറച്ചികോഴിക്ക് ലെഗ് പീസ് നാല് !
1548270
Tuesday, May 6, 2025 2:28 AM IST
തൃക്കരിപ്പൂർ: കോഴിക്ക് കാലുകൾ നാല് എന്ന് പറഞ്ഞാൽ ചിലപ്പോൾ നമ്മൾ മൂക്കത്ത് വിരൽ വെക്കും. എന്നിട്ട് ഒരു ചോദ്യവും വെറുതേ പറയുന്നതല്ലേ. എന്നാൽ അങ്ങിനെ പറയാൻ വരട്ടെ. തൃക്കരിപ്പൂർ ടൗണിലെ വെള്ളാപ്പ് റോഡ് റെയിൽവേ ഗേറ്റിനടുത്തുള്ള ടികെ ചിക്കൻ സെന്ററിൽ നാട്ടുകാരെ അൽഭുതപ്പെടുത്തുന്ന ഒരു കോഴി ഇന്നലത്തെ ലോഡിലെത്തി.
രാവിലെ ഏഴിന് വന്ന 120 കോഴികളിൽ ഒന്നാണ് ആളുകളെ വിസ്മയിപ്പിക്കുന്ന തരത്തിൽ കണ്ടത്. കോഴി മുറിച്ച് വിൽപ്പന നടത്താൻ പിടിച്ചപ്പോഴാണ് കാലുകളുടെ എണ്ണം കടയുടമ പി.കെ.ഇസ്മയിൽ കണ്ടത്.
രണ്ട് കാലിന് പകരം ഇരട്ടി എണ്ണം കാലുകൾ ബ്രോയിലർ വിഭാഗത്തിലുള്ള പിടക്കോഴിക്കാണ് കണ്ടത്. വൈകുന്നേരം വരെ നാട്ടുകാർ അത്ഭുത കോഴിയെ കാണാൻ കടയിൽ തിക്കി തിരക്കി. തളിപ്പറമ്പിലെ ഫാമിൽ നിന്നാണ് കോഴികളെ കൊണ്ട് വന്നത്. അപൂർവതയുള്ള ഈ കോഴിയെ വാങ്ങുന്നവർക്ക് ഇറച്ചി ഉപയോഗിക്കുമ്പോൾ നാല് ലെഗ് പീസുകൾ കിട്ടുമെന്ന കമന്റാണ് കോഴിയെ കാണാനെത്തിയ നാട്ടുകാർ പറയുന്നത്.