കൊറിയര്‍ സര്‍വീസ് വാഹനത്തില്‍ മദ്യക്കടത്ത്: രണ്ടുപേര്‍ അറസ്റ്റില്‍
1564718
Wednesday, June 4, 2025 2:11 AM IST
കാഞ്ഞങ്ങാട്: കൊറിയര്‍ സര്‍വീസ് വാഹനത്തില്‍ കടത്തിയ 28.25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി കൊല്ലം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍.
പരവൂര്‍ കുറുമണ്ടലിലെ എല്‍. ലിജിന്‍ (30), നെടുമ്പന കണ്ണനെല്ലൂരിലെ ഡി. അഖില്‍ (28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ച് ഓഫീസ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വി. ജിഷ്ണുകുമാറും സംഘം ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെതുടര്‍ന്ന് തിങ്കളാഴ്ച രാത്രി 8.45നു മവങ്കാലില് നടത്തിയ പരിശോധനയിലാണ് ഭാരത് ബെന്‍സ് ഗുഡ്സ് കാരിയര്‍ വാനില്‍ കേന്ദ്രഭരണപ്രദേശത്ത് മാത്രം വില്പനധികാരമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഇവര്‍ അറസ്റ്റിലായത്. മാഹിയില്‍ നിന്നും മദ്യം കയറ്റി വഴിനീളെയുള്ള ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ഇവര്‍ ചെയ്തു വന്നിരുന്നത്.
പരിശോധന സംഘത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ടി. ജയരാജന്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സി. സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.വി.അനീഷ്, മുഹമ്മദ് ജുനൈദ്, വി.എ.അയൂബ് എന്നിവരും ഉണ്ടായിരുന്നു.