ച​ന്തേ​രയിൽ ഇനി ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ക്കാ​തെ ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കാം
Wednesday, November 20, 2019 1:49 AM IST
പി​ലി​ക്കോ​ട്: ച​ന്തേ​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കാ​ടു​മൂ​ടി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്നു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. മൂ​ന്നു മാ​സം കൊ​ണ്ടു പു​തി​യ പ്ലാ​റ്റ്ഫോ​മി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും.
ഒ​രു കോ​ടി 45 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ഞ്ചു​മീ​റ്റ​ർ നീ​ള​ത്തി​ൽ 16 ബോ​ഗി​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പ്ലാ​റ്റ്‌​ഫോം നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​ത്. ര​ണ്ടു പാ​സ​ഞ്ച​ർ ഉ​ൾ​പ്പെ​ടെ നാ​ല് ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പു​ള്ള ച​ന്തേ​ര​ സ്റ്റേഷനെ നി​ത്യ​വും നൂ​റി​ൽ​പ്പ​രം യാ​ത്ര​ക്കാ​രാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.
ഇ​വി​ടു​ത്തെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം "ദീ​പി​ക' മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഭീ​ഷ​ണി​ക്ക് പു​റ​മെ താ​ഴ്ന്ന​സ്ഥ​ല​ത്തു നി​ന്ന് സ്ത്രീ ​യാ​ത്ര​ക്കാ​ർക്കും വ​യോ​ധി​ക​ർക്കും ട്രെ​യി​നി​ൽ ക​യ​റി​പ്പ​റ്റു​ക ശ്ര​മ​ക​ര​മാ​യി​രു​ന്നു.
പ്ലാ​റ്റ്ഫോം ഉ​യ​രം​കൂ​ട്ടു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ വി​ഷ​മ​ത​ക​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും.