ജി​ല്ല​യി​ല്‍ സ്ര​വ പ​രി​ശോ​ധ​ന വീ​ണ്ടും പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​യി ആ​ക്ഷേ​പം
Saturday, July 4, 2020 12:27 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള സ്ര​വ​പ​രി​ശോ​ധ​ന വീ​ണ്ടും പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​യി ആക്ഷേപം. നേ​ര​ത്തേ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ശേ​ഖ​രി​ച്ചി​രു​ന്ന​ത്. തി​ര​ക്ക് വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ത് പു​ലി​ക്കു​ന്ന് ടൗ​ണ്‍ ഹാ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
നേ​ര​ത്തേ ഒ​രു ദി​വ​സം അ​മ്പ​തി​ല​ധി​കം പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ള്‍ 25 വ​രെ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന പ​ല​രോ​ടും പേ​ര് ന​ല്‍​കി തി​രി​ച്ചു​പോ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി പി​ന്നീ​ട് വി​ളി​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​രെ മ​ട​ക്കു​ന്ന​ത്.
ഒ​രു ദി​വ​സം 25 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​മ്പോ​ള്‍ ഇ​തി​ല്‍ പ​ത്തോ​ളം എ​ണ്ണം 108 ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രു​ടേ​താ​ണ്. ഫ​ല​ത്തി​ല്‍ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് 15 സാ​മ്പി​ളു​ക​ള്‍ വ​രെ മാ​ത്ര​മാ​ണ് ഇ​വി​ടെ ഒ​രു​ദി​വ​സം ശേ​ഖ​രി​ക്കു​ന്ന​ത്.
പി​എ​ച്ച്‌​സി​ക​ളി​ല്‍ നി​ന്നും മ​റ്റും റ​ഫ​ര്‍ ചെ​യ്ത് എ​ത്തു​ന്ന​വ​ര്‍ പോ​ലും പേ​ര് ന​ല്‍​കി മ​ട​ങ്ങേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. ലാ​ബി​ലെ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞാ​ണ് ആ​ളു​ക​ളെ തി​രി​ച്ച​യ​ക്കു​ന്ന​ത്.