കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 19മുതൽ 22വരെ പൂയപ്പള്ളി ഗവൺമെന്റ് ഹൈസ്കൂൾ കേന്ദ്രീകരിച്ച് 16 വേദികളിലായി നടക്കും. ഇരുനൂറിലധികം മത്സര ഇനങ്ങളിലായി ആറായിരത്തിലധികം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും. പൂയപ്പള്ളി ഗവൺമെന്റ് ഹൈസ്കൂളിലാണ് പ്രധാനവേദി.
നാളെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 19ന് രാവിലെ എട്ടിന് വിദ്യാഭ്യാസ ഉപ ഡയറക്ടർ റ്റി.ഷീല പതാക ഉയർത്തും. ഒന്പതിന് പ്രധാന വേദിയിൽ ജി.എസ്.ജയലാൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്കൂൾ കലാതിലകം ദൃശ്യാ ഗോപിനാഥ് ഭദ്രദീപം കൊളുത്തും.
കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. കെ.സോമപ്രസാദ് എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, പി.ഐഷാപോറ്റി എംഎൽഎ, കെ.ബി.ഗണേഷ്കുമാർ എംഎൽഎ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, എം.നൗഷാദ് എംഎൽഎ, എം.മുകേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
റവന്യൂ ജില്ലാതലത്തിൽ യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളിൽ ഉൾപ്പെട്ട മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പിന് 15 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കലോത്സവ ദിവസങ്ങളിൽ മൂന്ന് നേരവും ഭക്ഷണം ഉണ്ടായിരിക്കും.
ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത് പൂയപ്പള്ളി ഡൂബി ഓഡിറ്റോറിയത്തിലാണ്. കലോത്സവ വേദികളും ഭക്ഷണപ്പുരയും ബന്ധിപ്പിച്ച് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരിക്കും കലോത്സവ നടത്തിപ്പ്. പ്ലാസ്റ്റിക് വസ്തുക്കൾ പരമാവധി ഒഴിവാക്കും.
22ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പി.ഐഷാപോറ്റി എംഎൽഎ ഉദ്ഘാടനം ചെയ്യും. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ അധ്യക്ഷത വഹിക്കും. പി.എ.സജിമോൻ റിസൾട്ട് പ്രഖ്യാപിക്കും.
കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ റ്റി.ഷീല സമ്മാനവിതരണം നടത്തും. ആർ.രാമചന്ദ്രൻ എംഎൽഎ, എൻ.വിജയൻപിള്ള എംഎൽഎ, ശ്രീലേഖ വേണുഗോപാൽ, പോൾ ആന്റണി, വിജയമ്മ, ബി.രാധാകൃഷ്ണൻ ഉണ്ണിത്താൻ, റെനി ആന്റണി, കെ.അനിത, മല്ലിക, എ.ഷാജഹാൻ, സൂസൻ മാണി, എസ്.സന്തോഷ്കുമാർ എന്നിവർ പ്രസംഗിക്കും.
പൂയപ്പള്ളി ഗവൺമെന്റ് ഹൈസ്കൂളിൽ രണ്ട്, മൈലോട് റ്റിഇഎംവി എച്ച്എസ്എസിൽ രണ്ട്, ഡൂബി ഓഡിറ്റോറിയം, മാർത്തോമാ പാരിഷ്ഹാൾ, വെളിയം മർവ ഓഡിറ്റോറിയം, വെളിയം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയം, വെളിയം ഗുരുമന്ദിര ഓഡിറ്റോറിയം, വെളിയം ജിഡബ്ല്യുയുപിഎസ് ഓഡിറ്റോറിയം, മാലയിൽ എൽപിഎസ്, പൂയപ്പള്ളി ജഗോഷ് ഓഡിറ്റോറിയം, പാലക്കോട് ജിഎൽപിഎസ്, പൂയപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവയാണ് മത്സര വേദികൾ.
മുട്ടറ സ്കൂളിലെ വിദ്യാർഥി വനമാല വരച്ചതാണ് കലോത്സവത്തിന്റെ ലോഗോ. മത്സര ഫലങ്ങൾ എൽസിഡി സ്ക്രീനിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗ്യതയുള്ളവരെ മാത്രമേ വിധികർത്താക്കളാക്കുകയുള്ളൂമെന്നും സംഘാടകർ അറിയിച്ചു.