ശാസ്താംകോട്ട : കുന്നത്തൂർ താലൂക്കിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ കണ്ടെയിൻമെന്റ് സോണുകൾ പിൻവലിക്കാൻ നിർദ്ദേശം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കോവിഡ് 19 സമൂഹ വ്യാപനത്തെ തുടർന്ന് ആഴ്ചകളായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾ ജനങ്ങളെ വലച്ചിരുന്നു. ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിക്കുന്നത്.
എന്നാൽ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്, ശാസ്താംകോട്ടയിലെ എട്ടാം വാർഡ് പുന്നമൂട്, രണ്ടാം വാർഡ് സിനിമാപറമ്പ് പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ തുടരും. താലൂക്കിലെ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ തുറന്നു പ്രവർത്തിക്കും. മത്സ്യ മാർക്കറ്റുകൾ തുറക്കില്ല. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി തുടരും.
ചക്കുവള്ളിതെക്കേമുറി, ശാസ്താംകോട്ട ടൗൺ, ഭരണിക്കാവ് ടൗൺ, ആഞ്ഞിലിമൂട്, സിനിമാപറമ്പ്, കാരാളിമുക്ക്, മൈനാഗപ്പള്ളി പുത്തൻചന്ത, സോമവിലാസം ചന്ത, പതാരം, കുന്നത്തൂർ നെടിയവിള എന്നീ പ്രദേശങ്ങൾ പോലീസിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും. ട്രഷറി, ബാങ്കുകൾ എന്നിവ സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു തുറന്നു പ്രവർത്തിക്കുന്നതിനും നിർദേശം നൽകി. ചക്കുവള്ളി, തെക്കേമുറി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളു.
നിർദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് കൈമാറി. യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സോമപ്രസാദ് എംപി, ബി.അരുണാമണി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ബിഡിഒ, ശൂരനാട്, ശാസ്താംകോട്ട എസ്എച്ച്ഒ മാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.