സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് പൂർണമാകും
1573970
Tuesday, July 8, 2025 5:30 AM IST
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ നടക്കുന്ന ദേശീയ പണിമുടക്ക് ജില്ലയിലും പൂർണമാകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ വിഭാഗം മേഖലയിലും തൊഴിലാളികൾ പണിമുടക്കിനു സന്നദ്ധമായിട്ടുണ്ട്. സർവീസ് സംഘടനകളും പണിമുടക്കും. സ്വകാര്യ വാഹനങ്ങൾ നിർത്തിവച്ചു വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടച്ചും പണിമുടക്കിനോടു സഹകരിക്കാനാണ് ആഹ്വാനം.
തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ ഉപേക്ഷിക്കുക, എല്ലാ അസംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 36,000 രൂപ മിനിമം വേതനം നിശ്ചയിക്കുക, തൊഴിലിന്റെ പുറംകരാർവൽക്കരണവും നിശ്ചിതകാല തൊഴിലും ഇൻസെന്റീവ് വർക്കും ഏർപ്പെടുത്താതിരിക്കുക, എല്ലാ വിഭാഗം കരാർ തൊഴിലാളികൾക്കും തുല്യജോലിക്ക് തുല്യവേതനം നൽകുക, ഇപിഎഫ് പെൻഷൻ മിനിമം 9,000 രൂപയാക്കുക, കർഷക തൊഴിലാളികൾക്കുൾപ്പെടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പൊതുമേഖലയും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് അവസാനിപ്പിക്കുക, ദേശീയ ആസ്തി വിൽപന ഉപേക്ഷിക്കുക, രാജ്യത്തിന്റെ ഫെഡറൽ പരിരക്ഷ തകർക്കുന്നഎല്ലാ നടപടികളും കേന്ദ്രസർക്കാർ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഇന്ന് വൈകുന്നേരം വാർഡ് അടിസ്ഥാനത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തും. പണിമുടക്ക് ദിവസം രാവിലെ പഞ്ചായത്ത്, മുനിസിപ്പൽ അടിസ്ഥാനത്തിൽ പ്രകടനവും പ്രധാന കേന്ദ്രങ്ങളിൽ കാത്തിരിപ്പ് കേന്ദ്രവും ഉണ്ടാകും.
സംയുക്ത ട്രേഡ്യൂണിയൻ നേതാക്കളായ കെ. സി. രാജഗോപാൽ, ബെൻസി തോമസ്, കെ. ഐ. ജോസഫ്, പി. ബി. ഹർഷകുമാർ, എ.സ് ഹരിദാസ്, ശ്യാമ ശിവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.