പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിൽ അപകടം : ദുർഘട സാഹചര്യം രക്ഷാപ്രവർത്തനത്തെയും ബാധിച്ചു
1573982
Tuesday, July 8, 2025 5:33 AM IST
കോന്നി: ഇടിഞ്ഞുവീണത് വലിയ പാറക്കെട്ടുകൾ, ഇടയ്ക്കൊക്കെ താഴേക്കു പതിച്ചുകൊണ്ടേയിരിക്കുന്ന പാറക്കല്ലുകൾ. അഗാധമായ പാറമടയിലേക്ക് ഇറങ്ങാൻ തന്നെ രക്ഷാ പ്രവർത്തകർക്ക് ആദ്യം കഴിഞ്ഞില്ല. കോന്നിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം ആരംഭിക്കാൻ കാത്തുനിൽക്കേണ്ടിവന്നു. ഇത്തരത്തിലൊരു ദുരന്തം ഫയർഫോഴ്സ് സംഘത്തിനും ആദ്യമായിരുന്നു.
കോന്നി ചെങ്കുളത്ത് പാറമടയിൽ കല്ല് ഇടിഞ്ഞുവീണ് തൊഴിലാളികൾ അപകടത്തിൽപെട്ട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം പിന്നീട് ക്രെയിനും മറ്റ് ഉപകരണങ്ങളും സ്ഥലത്തെത്തിച്ചാണ് പാറക്കല്ലുകൾ നീക്കിത്തുടങ്ങിയത്. അപ്പോഴും കല്ല് ഇടിച്ചിൽ തുടർന്നതോടെ തുടർന്നുള്ള രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു. അടർന്നു വീണ പാറക്കെട്ടുകൾക്കിടയിൽ ഒരു തൊഴിലാളിയെ കണ്ടിരുന്നു. മൃതദേഹം പുറത്തെടുക്കാൻ തന്നെ ഏറെ പണിപ്പെടേണ്ടിവന്നു. വീണ്ടും അതേസ്ഥാനത്തേക്ക് കല്ലുകൾ അടർന്നു വീണതോടെ തുടർ പ്രവർത്തനം നിർത്തിവച്ചു.
സമാനമായ അപകടങ്ങൾ മുന്പും കോന്നിയിലെ ക്രഷർ, ക്വാറി യൂണിറ്റുകളിൽ സംഭവിച്ചിട്ടുണ്ടെങ്കിലും ശക്തമായ നടപടികളോ പരിശോധയോ ഇല്ലാത്തതാണ് ദുരന്തം ആവർത്തിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
നിയമങ്ങൾ കാറ്റിൽ പറത്തി
കോന്നി: പല ക്രഷറുകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ്. നിലവിലുള്ള ചട്ടങ്ങൾ ബാധകമല്ലെന്ന രീതിയിലാണ് പ്രവർത്തനം.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പാണ് പ്രധാനമായി ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും അനുമതികൾ നൽകുന്നതുമെങ്കിലും കൃത്യമായി ഇടപെടൽ ഇവർ നടത്താറില്ല.
റവന്യൂ, പോലീസ്, ഫയർ ഫോഴ്സ് വകുപ്പുകൾ, വനം വകുപ്പുകൾക്കും അനുമതി നൽകുന്നതിൽ പങ്കുണ്ടെങ്കിലും പിന്നീടുള്ള നടപടികളിൽ കണ്ണടയ്ക്കും. ചെറിയ തോതിൽ പാറ പൊട്ടിച്ചു തുടങ്ങുന്ന ക്രഷർ ലോബി പിന്നീട് വലിയ ക്വാറികളായി മാറുകയാണ് പതിവ്. കൂടുതൽ അളവിൽ പാറ പൊട്ടിച്ചു നീക്കുന്പോഴും അധികൃതർ അനങ്ങാറില്ല.
പാറമടകളോട് ചേർന്ന സ്വകാര്യ വ്യക്തികളുടെ ഭൂമികൾ ഖനന കരാർ കമ്പിനിയുടെ ബ്രോക്കർമാർ വലിയ വിലയ്ക്ക് ഏറ്റെടുത്ത് പരിസരവാസികളെയും നിശബ്ദരാക്കും.
അപകടം നടന്ന ക്രഷർ ഉൾപ്പെടെ പ്രദേശത്തെ നിരവധി പാറമടകളും ക്രഷർ യൂണിറ്റുകളും ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയാണ് പ്രവർത്തിക്കുന്നതെന്ന വിവരങ്ങളാണ്പുറത്തുവരുന്നത്. ഇന്നലത്തെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പാറ ഇളക്കിയെടുക്കുന്നതിനിടെയുണ്ടായ മണ്ണിടിച്ചിലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് അഗ്നിശമന സേനയും പോലീസും എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിയമങ്ങൾ മറികടക്കുന്നു
പല പാറമടകളും യാതൊരുവിധ ലൈസൻസുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുന്നത് പോലും ക്രഷർ ഉടമകളെ മുൻകൂട്ടി അറിയിച്ച ശേഷമാണ്. ഇത് നിയമലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്നതിന് തുല്യമാണെന്ന ആക്ഷേപം ശക്തമാണ്. മൈനിംഗുമായി ബന്ധപ്പെട്ട എൻജിനിയർമാരുടെ അഭാവം ഉണ്ട്. പല ക്രഷർ യൂണിറ്റുകളിലും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ യോഗ്യരായ മൈനിംഗ് എൻജിനിയർമാർ ഇല്ല.
സുരക്ഷാ വീഴ്ചകൾ കണ്ടാലും അധികൃതരും നടപടിയെടുക്കാറില്ല. ഖനന പ്രവർത്തനങ്ങൾ നിശ്ചയിച്ച രീതിയിലല്ല പലയിടത്തും നടക്കുന്നത്. ഇത് ഉഗ്രശബ്ദങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നു. സ്ഫോടനങ്ങൾ നടത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദവും പ്രകമ്പനവും സമീപവാസികളുടെ ജിവിതം ദുഃസഹമാക്കുകയാണെന്ന് പയ്യനാമൺ സ്വദേശിയായ ജേക്കബ് മാത്യു പറഞ്ഞു. മഴക്കാലത്തു പോലും പല ക്രഷറുകളും പ്രവർത്തിക്കാറുണ്ട്. സർക്കാർ വികസന പദ്ധതികളുടെ പേരു പറഞ്ഞാണ് പാറ പൊട്ടിക്കൽ നടത്തുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ, അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾക്കും ക്രഷർ യൂണിറ്റുകൾക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജനങ്ങളിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.
രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് കളക്ടറും എൻഡിആർഎഫും
കോന്നി പയ്യനാമണ്ണിൽ പാറമട ഇടിഞ്ഞുണ്ടായ അപകടത്തേ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി 27 അംഗ എൻഡിആർഎഫ് സംഘത്തെ ജില്ലാ കളക്ടർ നിയോഗിക്കുകയായിരുന്നു. കാലവർഷത്തോടനുബന്ധിച്ച് ജില്ലയിലേക്ക് നിയോഗിച്ച സംഘം തിരുവല്ലയിലാണ് ക്യാന്പ് ചെയ്തിരുന്നത്.
ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയൻ ടീം കമാൻഡന്റ് സഞ്ജയ് സിംഗ് മൽസുനിയുടെ നേതൃത്വത്തിലാണ് സംഘം കോന്നിയിലെത്തിയത്. പിന്നാലെ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എൻഡിആർഎഫ് സംഘത്തോടൊപ്പം ഫയർഫോഴ്സും പോലീസും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
രാത്രി ഏഴോടെ ഒരു മൃതദേഹം പുറത്തെത്തിച്ചു. ഒരാൾ കൂടി പാറയ്ക്കടിയിൽ കുടുങ്ങിയിട്ടുള്ളതിനാൽ പുറത്തെടുക്കാൻ രാത്രി വൈകിയും ശ്രമം നടത്തിയെങ്കിലും നിർത്തിവയ്ക്കേണ്ടിവന്നു.
പ്രതികൂല കാലാവസ്ഥയും പാറ വീണ്ടും ഇടിയുന്നതുമാണ് രക്ഷാപ്രവർത്തനത്തിനു തടസമായത്. തെരച്ചിൽ ഇന്നു രാവിലെ ഏഴിന് പുനരാരംഭിക്കാൻ കളക്ടർ നിർദേശം നൽകി.
മൃതദേഹം എടുത്തതിനു പിന്നാലെ വീണ്ടും പാറ ഇടിഞ്ഞു
ചെങ്കുളത്ത് ക്വാറിയിൽനിന്ന് ഒരു മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ വീണ്ടും പാറ ഇടിഞ്ഞതോടെ തുടർ രക്ഷാപ്രവർത്തനം പൊടുന്നനെ നിർത്തുകയായിരുന്നു. മൃതദേഹം എടുക്കാനായി രക്ഷാപ്രവർത്തകർ നിന്ന ഭാഗത്തേക്കാണ് പാറ ഇടിഞ്ഞുവീണത്. ഇവർ കരയ്ക്കു കയറിയശേഷമാണ് പാറ ഇടിച്ചിലുണ്ടായതെന്നതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ കളക്ടർ നിർദേശിക്കുകയായിരുന്നു.