ജനറല്‍ ആശുപത്രി സംവിധാനങ്ങള്‍ മാറ്റാനുള്ള ഉത്തരവ് ഇനിയുമായില്ല
1573978
Tuesday, July 8, 2025 5:33 AM IST
പത്തനംതിട്ട: തകര്‍ച്ചയിലായ ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് സംവിധാനങ്ങള്‍ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള ഉത്തരവ് വൈകുന്നു. ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണത്തിനുള്ള ഉത്തരവിനുവേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാലു മാസത്തോളമായി.
ജനറല്‍ ആശുപത്രി ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മെഡിക്കല്‍ കോളജ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലും ഉള്ള സ്ഥാപനങ്ങളായതിനാല്‍ ഉത്തരവിറക്കുന്നതിനു സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുകയാണെന്ന് പറയുന്നു.
രണ്ടിടങ്ങളിലെയും ഡോക്ടര്‍മാര്‍ മാറ്റത്തോടു യോജിക്കുന്നുമില്ല. പ്രശ്ന പരിഹാരത്തിന് നിരവധി കൂടിക്കാഴ്ചകള്‍ നടന്നെങ്കിലും എച്ച്എംസി തീരുമാനം ഉണ്ടായില്ലെന്ന സാങ്കേതികത്വം പറഞ്ഞു തലയൂരാനാണ് സിപിഎം ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കെലിനെയാണ് കെട്ടിടത്തിന്റെ നവീകരണ ജോലികള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയാണ് പണികള്‍ ഏല്പിച്ചിരിക്കുകയാണ്. 21 ന് പണികള്‍ ആരംഭിക്കാനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നതെന്ന് പറയുന്നു. ഇതിനു മുമ്പായി ആശുപത്രി ഉപകരണങ്ങള്‍ അടക്കം താഴെ എത്തിക്കേണ്ടതുണ്ട്. സാധനങ്ങൾ താഴെയിറക്കാൻ ടെൻഡർ നൽകി കഴിഞ്ഞു. 30 ലക്ഷം രൂപ ഇതിനായി എൻഎച്ച്എം ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. താഴെ ഇറക്കിയ ഉപകരണങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റാൻ അടുത്ത ടെൻഡർ വേണ്ടിവരും.
17 വര്‍ഷം മുമ്പ് നിര്‍മിച്ച ബി ആന്‍ഡ് സി ബ്ലോക്ക് ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നത്. നിര്‍മാണം പൂര്‍ത്തിയായി അധികകാലം കഴിയുന്നതിനു മുന്‍പേ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ചോര്‍ച്ചയും ഡ്രെയിനേജ് വിഷയങ്ങളും ശൗചാലയത്തിന്റെ തകരാറുകളുമെല്ലാം പ്രശ്നങ്ങളായി. ഏറ്റവുമൊടുവില്‍ ചോര്‍ച്ച അസഹ്യമാകുകയും വാര്‍ഡുകള്‍ പ്രവര്‍ത്തിക്കാന്‍ തന്നെ ബുദ്ധിമുട്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര അറ്റകുറ്റപ്പണി നിര്‍ദേശിച്ചത്.
നിലവിലെ ആശുപത്രി സംവിധാനങ്ങള്‍ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ ലിഫ്റ്റ് മാസങ്ങളായി തകരാറിലാണ്. ഇതു പ്രവര്‍ത്തിക്കുന്പോള്‍ കെട്ടിടം കുലുങ്ങുന്നതും കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നതുമായ പ്രശ്നങ്ങളുണ്ടായി. ആശുപത്രി വളപ്പില്‍ പുതിയ ഒപി ബ്ലോക്കിനായി പൈലിംഗ് ജോലികള്‍ ആരംഭിച്ചതോടെ ബി ആന്‍ഡ് സി ബ്ലോക്കിന്റെ സ്ഥിതി കൂടുതല്‍ ശോചനീയമായി.
അപകടകരമായ സാഹചര്യം ബോധ്യപ്പെട്ടിട്ടും ബ്ലോക്കിലെ സംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങാന്‍ ഇപ്പോഴും കാലതാമസം നേരിടുകയാണ്. ബ്ലോക്കിൽ പ്രവർത്തിച്ചുവന്ന ശസ്ത്രക്രിയ സംവിധാനങ്ങളും ഐപി വിഭാഗവും ഏതാനും ദിവസങ്ങളായി നിർത്തിവച്ചിരിക്കുകയാണ്. വാക്കാലുള്ള നിർദേശത്തേ തുടർന്ന് ശസ്ത്രക്രിയകൾ നിർത്തിയത്. എന്നാൽ ഡോക്ടർമാരുടെ മാറ്റം ഇനിയുമാകാത്തതിനാൽ അടിയന്തര ചികിത്സ ആവശ്യത്തിനു വരുന്ന രോഗികളെ എന്തു ചെയ്യണമെന്നറിയാതെ അവരും ബുദ്ധിമുട്ടുകയാണ്.