സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല, യാത്രക്കാർ വലഞ്ഞു
1574240
Wednesday, July 9, 2025 3:45 AM IST
പത്തനംതിട്ട: സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കിൽ ജില്ലയിൽ യാത്രക്കാർ വലഞ്ഞു. സ്വകാര്യ ബസുകൾ പൂർണമായി ഇന്നലെ നിരത്തുകളിൽ നിന്നും വിട്ടുനിന്നു. അധ്യയനദിനമായിരുന്നതിനാൽ വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടിയത്.
വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസഷൻ കാർഡ് തടയുക, 140 കിലോമീറ്റർ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ജില്ലയിൽ കോന്നി, ചിറ്റാർ,സീതത്തോട്, റാന്നി, മല്ലപ്പള്ളി തുടങ്ങിയ മലയോര മേഖലകളിൽ യാത്രാക്ലേശം രൂക്ഷമായിരുന്നു.
കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന്അറിയിച്ചിട്ടും പല റൂട്ടുകളിലും ബസില്ലായിരുന്നു. കെഎസ്ആർടിസി ഡിപ്പോകളിൽ രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൂടുതൽ യാത്രക്കാരുള്ള റൂട്ടുകളിലേക്ക് ബസ് അയച്ചാണ് പരിഹാരം കണ്ടത്.
എന്നാൽ സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന മേഖലകളിൽ യാത്രക്കാർ നന്നേ വിഷമിച്ചു. ഗ്രാമീണ മേഖലയിലാണ് യാത്രാക്ലേശം ഏറെയും രൂക്ഷമായത്. പത്തനംതിട്ടയിൽ നിന്നും കടമ്മനിട്ട, മലയാലപ്പുഴ, കുളനട ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ഉണ്ടായില്ല.
റാന്നിയിൽ നിന്നും മല്ലപ്പള്ളി, അത്തിക്കയം, വലിയകുളം ഭാഗങ്ങളിലേക്കും യാത്രക്കാർ ബുദ്ധിമുട്ടി. മല്ലപ്പള്ളിയിൽ നിന്നും ആനിക്കാട്, ചങ്ങനാശേരി റൂട്ടുകളിലും ബസുകളുണ്ടായില്ല.
ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമാണ് ജീവനക്കാരും അധ്യാപകരും യാത്ര ചെയ്തത്. സ്കൂൾ ബസുകൾ ഓടിയെങ്കിലും സ്വകാര്യ ബസുകളിൽ എത്തുന്ന കുട്ടികളെ രക്ഷിതാക്കൾ സ്കൂളുകളിൽ എത്തിക്കുകയും മടക്കിക്കൊണ്ടുപോകുകയുമാണ് ചെയ്തത്.
ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാൽ ഇന്നും ബസ് സർവീസുകൾ ഉണ്ടാകില്ല.