ഡോ.എം.എസ്. സുനിലിന്റെ ഭവനം രാധാമണിക്കും കുടുംബത്തിനും നൽകി
1574249
Wednesday, July 9, 2025 4:01 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 357 -ാമത് സ്നേഹഭവനം പന്തളം സ്വദേശിയായ എം.സി. ജോസ് - ലാലി ദമ്പതികളുടെ വിവാഹവാർഷിക സമ്മാനമായി വടക്കടത്തുകാവ് നെടിയകാലായിൽ വിധവയായ രാധാമണിക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി.
വർഷങ്ങൾക്കു മുമ്പ് മകൻ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലാകുകയും ഭർത്താവ് മരണപ്പെടുകയും ചെയ്തപ്പോൾ വീട് പൂർത്തീകരിക്കാൻ കഴിയാതെ പുറമ്പോക്കിൽ സുരക്ഷിതമല്ലാത്ത ഒരു ചെറിയ കുടിലിൽ ആയിയ്തിരുന്നു രാധാമണി അസുഖബാധിതയായ അമ്മയോടും മകനോടും ഒപ്പം താമസിച്ചിരുന്നത്.
വീട്ടുജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ മകന്റെ ചികിത്സയും അമ്മയുടെ ചികിത്സയും ദൈനംദിന ചെലവുകളും നടത്തുവാൻ ബുദ്ധിമുട്ടിയിരുന്ന രാധാമണിക്ക് സ്വന്തമായി ഒരു ഭവനം പണിയുവാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു.
ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മനസിലാക്കിയ ഡോ. സുനിൽ ജോസിന്റെയും ലാലിയുടെയും വിവാഹ വാർഷിക സമ്മാനമായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീട് പൂർത്തീകരിച്ചു നൽകുകയായിരുന്നു.
ചടങ്ങിൽ വാർഡ് മെംബർ ശ്രീലേഖ ഹരികുമാർ, പ്രോജക്ട് കോഓഡിനേറ്റർ കെ .പി .ജയലാൽ, കെ. പ്രസന്നൻ, പൊന്നച്ചൻ വടക്കടത്തുകാവ് എന്നിവർ പ്രസംഗിച്ചു.