ധന്യൻ മാർ ഈവാനിയോസ് അനുസ്മരണ പദയാത്ര നാളെ
1574242
Wednesday, July 9, 2025 3:45 AM IST
തിരുവല്ല: പുനരൈക്യ ശില്പിയും മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പുമായിരുന്ന ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന പദയാത്രയ്ക്ക് നാളെ തിരുവല്ലയിൽ നിന്നു തുടക്കമാകും.
നാളെ മുതൽ 14 വരെ മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനം തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിലാണ് പദയാത്ര തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിൽ നിന്നാരംഭിക്കുന്ന പദയാത്ര പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലാണ് സമാപിക്കുന്നത്.
നാളെ രാവിലെ എട്ടിന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയോടും ധൂപ പ്രാർഥനയോടും കൂടി പദയാത്ര ആരംഭിക്കും.
ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത എംസിവൈഎം തിരുവല്ല അതിഭദ്രാസന പ്രസിഡന്റ് സിറിയക് വി. ജോണിന് വള്ളിക്കുരിശ് നൽകി കൊണ്ടു തീർഥാടനയാത്രയ്ക്കു തുടക്കം കുറിക്കും.
അതിഭദ്രാസന വികാരി ജനറാൾ ഫാ. ഐസക് പറപ്പള്ളിൽ , എംസിവൈഎം അതിഭദ്രാസന പ്രസിഡന്റ് സിറിയക് വി. ജോൺ , ഡയറക്ടർ ഫാ. ചെറിയാൻ കുരിശുമൂട്ടൽ , ജനറൽ സെക്രട്ടറി സച്ചിൻ രാജു സക്കറിയ എന്നിവർ നേതൃത്വം നൽകും.
മേരിഗിരി അരമന , ചെറുപുഷ്പഗിരി അരമന , ബഥാനിയ , തോട്ടഭാഗം സെന്റ് മേരീസ്, ഇരവിപേരൂർ സെന്റ് ആൻസ്, കുമ്പനാട് സെന്റ് പോൾസ് ദേവാലയങ്ങളിലൂടെ പുല്ലാട് സെന്റ് ആന്റണീസ് ദേവാലയത്തിലെത്തും. അവിടെ നിന്നും വെണ്ണിക്കുളം, റാന്നി, എരുമേലി, മല്ലപ്പള്ളി മേഖലയിൽ നിന്നുള്ള പദയാത്രികരും സംഗമിക്കും.
വെണ്ണിക്കുളം മേഖല ഡയറക്ടർ ഫാ. മാത്യു പൊട്ടുക്കുളത്തിൽ, പ്രസിഡന്റ് ജോബിൻ ജോയ് , മല്ലപ്പള്ളി മേഖല ഡയറക്ടർ ഫാ. വർഗീസ് കണ്ടത്തിൽ, പ്രസിഡന്റ് ഷിലു എം. ലൂക്ക്, റാന്നി മേഖല ഡയറക്ടർ ഫാ. ജിബു കരപ്പനശേരിമലയിൽ , പ്രസിഡന്റ് ജെറിൻ പ്ലാച്ചേരി, എരുമേലി മേഖലാ ഡയറക്ടർ ഫാ. തോമസ് കല്ലുപ്പുരയ്ക്കൽ, പ്രസിഡന്റ് ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകും.
11 ന് രാവിലെ 6.30 ന് ചീക്കനാൽ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ കുർബാനയേ തുടർന്ന് ഓമല്ലൂരിൽ എത്തിച്ചേർന്ന് റാന്നി- പെരുന്നാട്ടിൽ നിന്നെത്തുന്ന പദയാത്രാ സംഘവുമായി സംഗമിക്കും. 14 നു വൈകുന്നേരം തീർഥാടകസംഘം തിരുവനന്തപുരം പട്ടം ദേവാലയത്തിൽ ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കലെത്തി പ്രാർഥന നടത്തും.