മെഡിക്കല്‍ കോളജ് ഭൂഗര്‍ഭ പാത ഉടന്‍ നിര്‍മാണത്തിലേക്ക്
1396658
Friday, March 1, 2024 6:48 AM IST
കോട്ടയം: മെഡിക്കല്‍കോളജില്‍ എത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗര്‍ഭ പാതയുടെ നിര്‍മാണം ഉടന്‍ തുടങ്ങും. 1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയില്‍ നിര്‍മിക്കുന്ന ഭൂഗര്‍ഭപാതയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഭൂഗര്‍ഭപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളുടെയും യോഗം നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനകവാടത്തിനരികെയുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ മന്ദിരത്തിനു സമീപത്തുനിന്നാണ് ഭൂഗര്‍ഭപാത തുടങ്ങുന്നത്. അവിടെനിന്നു മെഡിക്കല്‍ കോളജ് ബൈപാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാന്‍ഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാത രൂപകല്പന ചെയ്തിട്ടുള്ളത്.
18.576 മീറ്ററാണ് ഭൂഗര്‍ഭപാതയുടെ ആകെ നീളം. അഞ്ചുമീറ്ററാണ് വീതി. ഉയരം 3.5 മീറ്ററും. പാതയില്‍ ആധുനിക രീതിയിലുളള വെളിച്ചസംവിധാനങ്ങള്‍ ഒരുക്കും. രോഗികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതയ്ക്കുള്ളില്‍ ഒരുക്കും.
അടിപ്പാതയ്ക്കു അനുമതി ലഭിച്ചതോടെ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ആര്‍പ്പൂക്കര പഞ്ചായത്ത് അംഗങ്ങളുടെയും മെഡിക്കല്‍ കോളജ് അധികൃതരുടെയും ആശുപത്രി വികസനസമിതി അംഗങ്ങളുടെയും യോഗം വിളിച്ചുചേര്‍ത്തു പദ്ധതി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം ആരംഭിക്കാനാണ് നീക്കം.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.എസ്. ശങ്കര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ. ജോസ് രാജന്, കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. ശ്രീലേഖ തുടങ്ങിയവര്‍ സംബന്ധിച്ചു.