വീടിനു മുകളിൽ വനംവകുപ്പിന്റെ തേക്കുമരങ്ങൾ നഷ്ടപരിഹാരമില്ല, കണ്ണടച്ച് വനംവകുപ്പ്
1575197
Sunday, July 13, 2025 2:50 AM IST
എരുമേലി: സ്വന്തമായി ആകെയുള്ള രണ്ടു സെന്റ് ഭൂമിയിലെ ചെറിയ വീട്ടിൽ കഴിയുന്ന നിർധന കുടുംബം എരുമേലി ഫോറസ്റ്റ് ഓഫീസിലെ അനാസ്ഥമൂലം വീട് ഉപേക്ഷിച്ചു പോകേണ്ട സ്ഥിതിയിൽ.
ശ്രീനിപുരം കോളനിയിൽ കാവുങ്കൽ വത്സമ്മ, മകൻ രഞ്ജിത്ത്, ഭാര്യ, മകൻ എന്നിവർ ഉൾപ്പെടുന്ന കുടുംബമാണ് അപകടഭീഷണിയിൽ കഴിയുന്നത്. വീടിന്റെ തൊട്ടടുത്ത് വനംവകുപ്പിന്റെ തേക്കിൻകൂപ്പാണ്. പഴക്കമേറിയ തേക്കുമരങ്ങൾ വീടിനു സമീപത്ത് വേരറ്റു മറിഞ്ഞുവീഴുന്ന നിലയിലാണ്.
നഷ്ടപരിഹാരമില്ല
കഴിഞ്ഞ ദിവസം വീടിന് അടുത്തേക്ക് വനത്തിലെ വലിയ തേക്ക് കടപുഴകി വീണു. 2018ൽ മൂന്നു തേക്കുകൾ വീടിനു മുകളിൽ വീണ് വീട് തകർന്നതാണ്. ഇതിനു നഷ്ടപരിഹാരം തേടി എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നൽകിയ അപേക്ഷയിൽ ഒരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ ദിവസം തേക്ക് വീണ വിവരം അറിയിച്ചിട്ടും വനംവകുപ്പ് അനങ്ങുന്നില്ല.
കഴിഞ്ഞ ദിവസം മരം വീഴുമ്പോൾ രഞ്ജിത്തും കുടുംബവും കൂടാതെ അയൽപക്കത്തെ ആറു കുട്ടികളും വീട്ടിലുണ്ടായിരുന്നു. മരം വീട്ടിലേക്കു വീണിരുന്നെങ്കിൽ വലിയ ദുരന്തമായി മാറുമായിരുന്നു. അങ്ങനെ സംഭവിക്കാതെ ഇവരുടെയെല്ലാം ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
ഓട്ടോ വിറ്റു കടംവീട്ടി
2018ൽ മൂന്നു തേക്കുമരങ്ങൾ വീണപ്പോൾ വീടിന്റെ മേൽക്കൂര ഉൾപ്പെടെ തകർന്നിരുന്നു. നിർമാണം നടത്തി വീടിന്റെ കേടുപാടുകൾ മാറ്റാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ രഞ്ജിത്ത് തന്റെ ഓട്ടോറിക്ഷ വിറ്റാണ് കടം വീട്ടിയത്. ഇതോടെ കൂലിപ്പണി നടത്തിയാണ് രഞ്ജിത്ത് കുടുംബം പോറ്റുന്നത്. 2011ൽ ഒരു അപകടത്തിലേറ്റ പരിക്കുമൂലം രഞ്ജിത്തിന്റെ വലതുകൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തതാണ്. ഇതുമൂലം ശ്രമകരമായ ജോലികൾ ചെയ്യാൻ കഴിയില്ല.
കഴിഞ്ഞ ദിവസം തേക്ക് വീണ വിവരം പറയാൻ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ചെന്ന രഞ്ജിത്തിനോട് ഭീഷണിയായ ആറ് തേക്ക് മരങ്ങൾ വെട്ടിമാറ്റാൻ അനുമതി ആയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മരങ്ങൾ വെട്ടിമാറ്റുന്നതിന്റെ ചെലവ് വനംവകുപ്പ് വഹിക്കില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിയിട്ടാൽ വനംവകുപ്പ് ലേലം ചെയ്യുമെന്നും വ്യക്തമാക്കി.
അപേക്ഷ ഓഫീസിലില്ല
2018ൽ മരങ്ങൾ വീണ് വീട് തകർന്നതിന്റെ നഷ്ടപരിഹാരം തേടി നൽകിയ അപേക്ഷയിൽ തുടർ നടപടികൾ അറിയാൻ ഏഴു വർഷമായി ഓഫീസിൽ കയറിയിറങ്ങുകയാണെന്നും അപേക്ഷ ഓഫീസിൽ കാണുന്നില്ല എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയെന്നും രഞ്ജിത്ത് പറഞ്ഞു. അപേക്ഷ നൽകിയതിന്റെ പകർപ്പ് തെളിവായി രഞ്ജിത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇത് ഉൾപ്പെടെ വനംവകുപ്പിലെ അനാസ്ഥയ്ക്കെതിരേ ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ കുടുംബവുമായി സമരം നടത്താനൊരുങ്ങുകയാണ് രഞ്ജിത്ത്.
കോവിഡ് കാലത്ത് സൗജന്യമായി നൂറുകണക്കിനു പേരെ ആശുപത്രികളിൽ എത്തിച്ച ഓട്ടോ ഡ്രൈവറാണ് ജീവൻ രക്ഷിക്കാൻ കുടുംബവുമായി സ്വന്തം വീട് ഉപേക്ഷിച്ചു പോകേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നത്.