വൈദികനെ ഹണിട്രാപ്പിൽപ്പെടുത്തി 60 ലക്ഷം തട്ടിയ കേസിലെ രണ്ടാം പ്രതി പിടിയിൽ
1575162
Saturday, July 12, 2025 7:20 AM IST
വൈക്കം: വൈദികനെ ഹണി ട്രാപ്പിൽപ്പെടുത്തി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ ഒളിവിൽ ആയിരുന്ന രണ്ടാം പ്രതിയും പിടിയിൽ. ഫോണിലൂടെ വൈദികനുമായി പരിചയത്തിലായ ശേഷം ഹണി ട്രാപ്പിൽപ്പെടുത്തി പ്രതികൾ മൂന്നുപേരും ചേർന്ന് വൈദികനിൽനിന്നു പണം അപഹരിക്കുകയായിരുന്നു.
2023 ഏപ്രിൽ 24 മുതൽ ഗൂഗിൾപേ വഴിയും എസ്ഐബി മിറർ ആപ്പ് വഴിയും 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളിൽ ഒന്നും മൂന്നും പ്രതികളായ നേഹ ഫാത്തിമ(25), സാരഥി (29)എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു.
ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാംപ്രതി ഇടുക്കി ജില്ലയിൽ രാജാക്കാട് വില്ലേജിൽ അടിവാരം ഭാഗത്ത് പുളിക്കൽ പി.ഡി. കൃഷ്ണജിത്തി(27)നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.