ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണോദ്ഘാടനം നാളെ
1574880
Friday, July 11, 2025 7:16 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം നാളെ നടക്കും. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദ്ദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ വൈകുന്നേരം 4.30നു നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ നിർമാണ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ തുടങ്ങിയവർ പ്രസംഗിക്കും.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപം സർക്കാരിന്റെ അധീനതയിലുള്ള 81.18 സെന്റ് സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. 32 കോടി രൂപ ചെലവഴിച്ച് അഞ്ചുനിലകളിലായി 3810 ചതുരശ്ര മീറ്ററിലാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ഉയരുന്നത്.
രണ്ടു ഘട്ടങ്ങളായാണ് നിർമാണം നടക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്നു നിലകളിലായി 2300 ചതുരശ്ര മീറ്റർ നിർമാണം പൂർത്തീകരിക്കും. ഇതിന് 15 കോടി രൂപ ചെലവഴിക്കും. 110 ചതുരശ്ര മീറ്ററിൽ പാർക്കിംഗ് സൗകര്യവും ഒരുക്കും.
സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെയും നിരത്ത് വിഭാഗത്തിന്റെയും അസിസ്റ്റന്റ് എൻജിനിയർമാരുടെ ഓഫീസുകൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ്, ഫുഡ് ഇൻസ്പെക്ടർ ഓഫീസ്, കൃഷിഭവൻ, ഐസിഡിഎസ് ഓഫീസ് എന്നീ പത്ത് സർക്കാർ ഓഫീസുകൾ ആദ്യ ഘട്ടത്തിൽ മിന് സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിക്കും.
മൂന്നു പതിറ്റാണ്ടിലേറെയായി ഉയരുന്ന ജനകീയാവശ്യമാണ് യാഥാർഥ്യമാകുന്നത്. മിനി സിവിൽ സ്റ്റേഷനു വേണ്ടി ഏറ്റുമാനൂരിൽ ഒട്ടേറെ സമരങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന ആദ്യ മണ്ഡല വികസന ശില്പശാലയിലെ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.