അഭിഭാഷകരും ക്ലര്‍ക്കുമാരും നടത്തിവന്ന സമരം അവസാനിപ്പിച്ചു
1574898
Friday, July 11, 2025 7:31 AM IST
ചങ്ങനാശേരി: മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി പുനര്നിര്ണയിച്ചതിലുള്ള അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 109 ദിവസമായി ചങ്ങനാശേരി താലൂക്കിലെ പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണയില്‍ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു.
ചങ്ങനാശേരി ബാര്‍ അസോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കേരള ബാര്‍ കൗണ്‍സിലിന്റെ മുന്‍ ചെയര്മാന് അഡ്വ. കെ.എന്‍. അനില്‍കുമാര്‍, ബാര്‍ കൗണ്‍സില്‍ അംഗവും തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ അഡ്വ. പള്ളിച്ചല്‍ എസ്.കെ പ്രമോദ് എന്നിവരുടെ സാന്നിധ്യത്തില്‍ കോട്ടയം ജുഡീഷല്‍ ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ജി. അരുണുമായി ബാര്‍ അസോസിയേഷന് പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് സത്യഗ്രഹ സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ. മാധവന് പിള്ള, സെക്രട്ടറി പി.എ. സുജാത, കെഎസിഎ ചങ്ങനാശേരി യൂണിറ്റ് പ്രസിഡന്റ് പ്രതാപന് എന്നിവര്‍ അറിയിച്ചു.