കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
1574894
Friday, July 11, 2025 7:30 AM IST
കറുകച്ചാൽ: കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എപ്പോഴും തിരക്കേറിയ സെൻട്രൽ ജംഗ്ഷനിൽ റോഡിലെ കുഴികൾ മൂലം ഗതാഗത സ്തംഭനം പതിവായിരുന്നു. ഏറെനാളായി തകർന്നുകിടന്ന ഈ ഭാഗം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു പോലെ ഭീഷണിയും ഉയർത്തിയിരുന്നു.
നാലുറോഡുകൾ സന്ധിക്കുന്ന സെൻട്രൽ ജംഗ്ഷനിലെ റോഡിന്റെ തകർച്ച ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഏതാനും നാളുകൾക്ക് മുമ്പേ ടൗണിലെ റോഡുകൾ ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തി നവീകരിച്ചെങ്കിലും ആഴ്ചകൾക്കകം തന്നെ ഈ ഭാഗത്ത് കുഴികൾ രൂപപ്പെട്ട് ചെളിവെള്ളം കെട്ടിനിൽക്കുകയും വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
നിർമാണത്തിലെ അപാകതയാണ് വളരെ പെട്ടെന്നുതന്നെ ഈ ഭാഗത്തെ റോഡ് തകർന്നു കുഴികൾ രൂപപ്പെടാൻ കാരണമായതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോൾ 4500 ചതുരശ്രയടി വിസ്തീർ്ണത്തിൽ റോഡിലെ പഴയ ടാറിംഗ് ഇളക്കി മാറ്റി ടൈൽ പാകി നവീകരിക്കാനാണ് പിഡബ്ല്യൂഡി റോഡ് വിഭാഗം അധികൃതരുടെ തീരുമാനം.