തകര്‍ന്ന റോഡുകൾ... കണ്ണടച്ച് വഴിവിളക്കുകൾ... പെരുന്ന മന്നം നഗറിൽ യാത്രാദുരിതം
1574895
Friday, July 11, 2025 7:30 AM IST
ചങ്ങനാശേരി: പെരുന്ന മന്നംനഗര്‍ മേഖലയിലെ വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ല. തകര്‍ന്ന റോഡുകളിലെ കാല്നടപ്പും വാഹനഗതാഗതവും ദുരിതമാകുന്നു. നാളുകളായി പ്രകാശിക്കാത്ത മുപ്പതോളം വഴിവിളക്കുകളുടെ പോസ്റ്റുകളുടെ നമ്പര്‍ സഹിതം നഗരസഭാധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പ്രതികരണമുണ്ടാകാത്തതിനെതിരേ മന്നം നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പ്രതിഷേധവുമായി രംഗത്തെത്തി.
ഈ വാര്‍ഡിലെ പല വഴിവിളക്കുകളും പ്രകാശിക്കാതായിട്ട് ഒരു വര്‍ഷത്തിലേറെയായി. റെഡ്സ്ക്വയര്‍ ജംഗ്ഷനില്‍ എസി റോഡിനേയും എന്‍എച്ച്-183 (എംസി റോഡ്) നേയും ചങ്ങനാശേരി ബൈപാസുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ മന്നം റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. വഴിവിളക്കുകള്‍ പ്രകാശിക്കാത്തതുമൂലം രാത്രികാലങ്ങളിലെ ഈറോഡിലെ സഞ്ചാരം ദുരിതപൂര്‍ണമാണ്.
ജനജീവിതം ദുരിതത്തിലാഴ്തുന്ന വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ നിയമ നടപടികളും ശക്തമായ ജനകീയ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് മന്നം നഗര്‍ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.