പ്രതിഭാ പുരസ്കാരവും എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും 13ന്
1574654
Thursday, July 10, 2025 11:17 PM IST
ഈരാറ്റുപേട്ട: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നേതൃത്വം നല്കുന്ന ഫ്യൂച്ചര്‍ സ്റ്റാര്‍സ് എഡ്യൂക്കേഷന്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും, കൂടാതെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിന് പി. ഫസീം, യൂണിവേഴ്സിറ്റി പരീക്ഷകളില്‍ വിവിധ വിഷയങ്ങള്‍ക്ക് റാങ്ക് നേടിയവര്‍, പിഎച്ച്ഡി ലഭിച്ചവര്‍ തുടങ്ങിയവര്‍ക്ക് പ്രതിഭാ പുരസ്കാരവും, എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകള്‍ക്ക് എംഎല്‍എ എക്സലന്‍സ് അവാര്‍ഡും 13ന് വിതരണം ചെയും.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പരിപാടി മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രമോദ് നാരായണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫ്യൂച്ചര്‍ സ്റ്റാര്‍സ് അഡ്വൈസറി ബോര്‍ഡ് മെംബര്‍ ജോര്‍ജുകുട്ടി ആഗസ്തി, ഡയറക്ടര്‍ ഡോ. ആന്‍സി ജോസഫ്, ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ.സീമോന്‍ തോമസ്, ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മറിയാമ്മ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ പ്രസംഗിക്കും