പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിന് വിദ്യാഭ്യാസം ഉപകരിക്കണം: പ്രഫ. സി.ടി. അരവിന്ദകുമാര്‍
1574893
Friday, July 11, 2025 7:30 AM IST
ചങ്ങനാശേരി: വിദ്യാഭ്യാസം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയാവണമെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.സി.ടി. അരവിന്ദകുമാര്‍. എസ്ബി കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ക്ക് അനന്തസാധ്യതകള്‍ ഉള്ളതായും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ എസ്ബി കോളജ് എന്നും ശ്രദ്ധപുലര്ത്തുന്നതായി മാര്‍ തോമസ് തറയില്‍ പറഞ്ഞു.
കോളജ് മാനജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് ജേക്കബ് മുല്ലക്കരി, 2025ലെ ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റ് ലൂമിനറി അവാര്‍ഡ് നേടിയ പി. അപര്‍ണ എന്നിവര്‍ പ്രസംഗിച്ചു.
2025 അക്കാദമിക വര്‍ഷം വിജയകരമായി ബിരുദ -ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് ബിരുദം നല്‍കിയത്.