പച്ചത്തുരുത്തുകള്‍ക്ക് ഹരിതകേരളം മിഷന് പുരസ്കാരം
1574663
Thursday, July 10, 2025 11:17 PM IST
കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കിയ ഏറ്റവും മികച്ച പച്ചത്തുരുത്തുകള്‍ക്ക് ഹരിതകേരളം മിഷന് പുരസ്കാരം നല്‍കും. ഏറ്റവും മികച്ച മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് ജില്ലാതല പുരസ്കാരം നല്‍കും. ജില്ലകളിലെ പച്ചത്തുരുത്തുകളില്നിന്ന് തെരഞ്ഞെടുത്ത മികച്ച അഞ്ച് പച്ചത്തുരുത്തുകള്‍ക്ക് സംസ്ഥാനതല പുരസ്കാരവും നല്‍കും.
ജില്ലാതല പുരസ്കാരം സെപ്റ്റംബര്‍ ആദ്യവാരം കോട്ടയത്ത് സമ്മാനിക്കും. സംസ്ഥാനതല പുരസ്കാരം ഓസോണ്‍ ദിനമായ സെപ്റ്റംബര്‍ 16ന് തിരുവനന്തപുരത്ത് വച്ചാണ് സമ്മാനിക്കുക. പച്ചത്തുരുത്തുകളിലെ വൃക്ഷ-സസ്യ വൈവിധ്യങ്ങള്‍, പച്ചത്തുരുത്ത് സംരക്ഷണത്തിന് സംഘാടകസമിതി വഹിക്കുന്ന പങ്ക്, ജൈവ വേലി, വിവര വിജ്ഞാന ബോര്‍ഡുകള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചായിരിക്കും പുരസ്കാരങ്ങള്‍ നല്‍കുന്നത്.
ജില്ലാ സംസ്ഥാന തലങ്ങളില്‍ രൂപീകരിച്ച വിദഗ്ധസമിതികളുടെ സന്ദര്‍ശനത്തിലൂടെയാണ് മികച്ചവയെ കണ്ടെത്തുക. പച്ചത്തുരുത്തുകളുടെ വ്യാപനവും വൈവിധ്യവും വര്‍ധിപ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. ജില്ലയില്‍ 153 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ഓഗസ്റ്റ് 30 നകം 404 പച്ചത്തുരുത്തുകള്‍ ഒരുക്കലാണ് ലക്ഷ്യം.
ജില്ലയിലെ പച്ചത്തുരുത്തുകളില്‍ തൈകള്‍ക്ക് വളര്‍ച്ചയുള്ള 10 പച്ചത്തുരുത്തുകളുടെ കാര്‍ബണ്‍ സംഭരണശേഷി കണക്കാക്കുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. സ്ഥലനാമവൃക്ഷങ്ങള് നട്ടുവളര്‍ത്തുന്ന പച്ചത്തുരുത്തുകളും വംശനാശം വന്നുകൊണ്ടിരിക്കുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്ന പച്ചത്തുരുത്തുകളും ജില്ലയില്‍ വ്യാപിപ്പിക്കും.