എലിക്കുളത്ത് അമോണിയ പ്ലാന്റിനൊരുക്കം; ആശങ്കയിൽ നാട്
1574634
Thursday, July 10, 2025 10:02 PM IST
എലിക്കുളം: എലിക്കുളം പഞ്ചായത്തിൽ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അമോണിയ പ്ലാന്റിന്റെ അനുമതിക്കായി അപേക്ഷ നൽകി സ്വകാര്യകമ്പനി. പഞ്ചായത്തിന്റെ എൻഒസിക്കായി കമ്പനി അപേക്ഷ നൽകിയത് പ്രദേശത്ത് ഒന്നരയേക്കറോളം സ്ഥലം വാങ്ങിയതിന് ശേഷം. പത്തനംതിട്ട സ്വദേശിയുടെ മലനാട് അമോണിയാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാർ ജനകീയസമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
തമിഴ്നാട്ടിൽ ജനരോഷത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ച പ്ലാന്റാണ് കാർഷിക ഗ്രാമീണ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ശ്രമിക്കുന്നതെന്ന് ജനകീയസമിതി ആരോപിച്ചു.
കിലോമീറ്ററുകളോളം അപകട വ്യാപന ശേഷിയുള്ളതിനാൽ റെഡ് സോണിൽ മാത്രം പ്രവർത്തിക്കേണ്ട അമോണിയം പ്ലാന്റ് ജനങ്ങൾ പാർക്കുന്ന ഗ്രാമീണ - കാർഷിക മേഖലയിൽ പ്രവർത്തനം ആരംഭിച്ചാൽ കുടിവെള്ള ദൗർഭല്യത്തിനും ജല - അന്തരീക്ഷ മലിനീകരണത്തിനും മനുഷ്യ - ജീവജാലങ്ങൾക്കും സസ്യ - വൃക്ഷാദികൾക്കും വളരെയേറെ ഹാനികരവുമാകും.
പടിഞ്ഞാറ്റുമലയുടെ മുകൾ ഭാഗത്ത് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചാൽ സമീപത്തുള്ള നാലോളം കുടിവെള്ള പദ്ധതികളും പ്രദേശത്തെ പ്രധാന ജലസ്രോതസായ പൊന്നൊഴുകുംതോടും കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക നെൽപ്പാടമായ കാപ്പുകയം പാടശേഖരവും നശിച്ച് പോകും. പരിസരപ്രദേശത്തെ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന അമോണിയം പ്ലാന്റിനെതിരേ പ്രതിഷേധം ശക്തമാക്കി വിവിധ സമരപരിപാടികൾക്ക് രൂപം നൽകി.
ജനകീയ കമ്മിറ്റി ചെയർമാനായി ജോസഫ് മാത്യു തെക്കേക്കുറ്റ്, കൺവീനറായി ജോർജ്കുട്ടി ജേക്കബ് കുരുവിനാകുന്നേൽ, രക്ഷാധികാരികളായി എലിക്കുളം പഞ്ചായത്ത് മെംബർമാരായ സെൽവി വിൽസൻ, ആശാ റോയി, മാതൂസ് മാത്യൂ, തിടനാട് പഞ്ചായത്ത് മെംബർ മിനി ബിനോ എന്നിവരെയും വൈസ് ചെയർമാൻമാരായി വിൽസൻ പതിപ്പള്ളി, ജിമ്മിച്ചൻ മണ്ഡപത്തിൽ എന്നിവരെയും ജോയിന്റ് കൺവീനർമാരായി ബിനോ മുളങ്ങാശേരി, ജസ്റ്റിൻ ജോർജ് എന്നിവരെയും 25 അംഗ എക്സിക്യുട്ടിവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റിയിൽ എൻഒസിക്കായുള്ള അപേക്ഷ ചർച്ചയ്ക്കെത്തി.
പഞ്ചായത്തംഗങ്ങൾ ഒന്നാകെ പ്ലാന്റ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. പ്രശ്നം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ ഉപസമിതിയെ നിയോഗിച്ചു.
പടിഞ്ഞാറ്റുമല സന്ദർശിച്ച്
പഞ്ചായത്ത് ഉപസമിതി
എലിക്കുളം: ആളുറുമ്പ് പടിഞ്ഞാറ്റുമലയിൽ പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങുന്ന അമോണിയം പ്ലാന്റിനെതിരേ ജനരോഷം വ്യാപകമായ സാഹചര്യത്തിൽ സ്ഥലം പഞ്ചായത്ത് ഉപസമിതി സന്ദർശിച്ചു. പടിഞ്ഞാറ്റിൻ മലയിലെ ഒന്നര ഏക്കറോളം സ്ഥലം വാങ്ങിയ ശേഷം അണുബോംബുപോലെ പ്രഹരശേഷിയുള്ള അമോണിയം ഫാക്ടറി നിർമിക്കുവാനുളള തീരുമാനം അംഗീകരിക്കില്ലെന്ന് ജനങ്ങൾ ഇവരെ അറിയിച്ചു. പ്ലാന്റ് നിലവിൽ വന്നാൽ ഇവിടുത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉൾപ്പടെ താളം തെറ്റും. ദിനം പ്രതി 40000 ലിറ്ററോളം ജലം ആവശ്യമായി വരുന്ന അമോണിയ പ്ലാന്റ് നിലവിൽ വന്നാൽ 350ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഇവിടുത്തെ ജലലഭ്യത ഇല്ലാതെയാവും. കൂടാതെ ഇവിടെ പ്ലൈവുഡ് ഫാക്ടറിക്കും ശ്രമം നടക്കുന്നതായി കർമസമിതി ആരോപിച്ചു. ഇവിടേക്ക് വാഹനങ്ങൾ എത്തുക ദുഷ്കരമാണ്.
അപകട സാധ്യത ഉണ്ടായാൽത്തന്നെ ഫയർ ഫോഴ്സിന്റേതുൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ എത്തുക അപ്രാപ്യമാണ്. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ഉപസമിതിയംഗങ്ങളായ എസ്. ഷാജി, മാത്യൂസ് പെരുമനങ്ങാട്ട്, സിൽവി വിൽസൺ, ആശ മോൾ റോയ്, എം.ആർ. സരീഷ്കുമാർ, പൊതുപ്രവർത്തകൻ വിൽസൺ പതിപ്പള്ളിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.