രാജമ്മ പഠിക്കുകയാണ് 66-ാം വയസിൽ; പ്ലസ് ടുവിന് 80 ശതമാനം മാർക്ക് വാങ്ങാൻ
1574883
Friday, July 11, 2025 7:16 AM IST
കുമരകം: പ്ലസ് വണ്‍ പരീക്ഷയ്ക്ക് 68 ശതമാനം മാര്‍ക്ക് വാങ്ങിയ അറുപത്താറുകാരിയായ രാജമ്മ പ്ലസ്ടുവിന് 80ശതമാനം മാര്‍ക്ക് എന്ന ലക്ഷ്യത്തോടെ ഉറക്കമിളച്ചു പഠിക്കുകയാണ്. കുമരകം സൗത്ത് പുത്തന്‍ കരിച്ചിറ വാവയുടെ ഭാര്യ പി.ടി. രാജമ്മയാണ് ഉയര്‍ന്ന ശതമാനത്തിനായി പഠിക്കുന്നത്.
സാക്ഷരതാ മിഷൻ കേന്ദ്രത്തില്‍ കഴിഞ്ഞദിവസമാണ് രാജമ്മയുടെ പഠനം പൂര്‍ത്തിയായത്. വയസ്കരക്കുന്ന് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശനിയും ഞായറും പൊതുഅവധി ദിവസങ്ങളിലുമായിരുന്നു ക്ലാസുകള്‍. 24 വയസ് മുതലുള്ളവര്‍ അവിടെ പഠിതാക്കളാണ്. ഇവരില്‍ ഏറ്റവും പ്രായം കൂടുതല്‍ രാജമ്മയ്ക്കാണ്. കോട്ടയം സെന്ററില്‍ മാത്രം 123 വിദ്യാര്‍ഥികളാണുള്ളത്.
നാടന്‍പാട്ട് കലാകാരികൂടിയാണ് രാജമ്മ. സഹപാഠികളുടെ ഒത്തുചേരലുകള്‍ അടിപൊളിയാക്കുന്നതില് രാജമ്മയുടെ നാടന്‍പാട്ടുകളും സിനിമാപ്പാട്ടുകളും മുഖ്യപങ്കു വഹിച്ചിരുന്നു. തൊഴിലുറപ്പു തൊഴിലാളിയുമാണ്. അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച രാജമ്മ 61 -ാം വയസിലാണ് പത്താംക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചത്. ഭര്‍ത്താവ് വാവയും മക്കളും പഠനത്തിനു പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.